kerala

ചരക്കുകപ്പല്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

By webdesk17

June 11, 2025

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവം പ്രതിസന്ധിയിലാക്കുന്നു. അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചരിഞ്ഞിട്ടുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ അമ്പത് മീറ്റര്‍ അകലെ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും തീയണക്കാനായിട്ടില്ല.

അപകടത്തില്‍ കപ്പലില്‍ നിന്നും കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടലില്‍ വീണ കണ്ടെയ്നറുകള്‍ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കൊളംബോയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിച്ച് അപകടമുണ്ടായത്. കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ പതിനെട്ട് പേരെ ചികിത്സയ്ക്കായി മംഗളൂരുവിലെത്തിച്ചിരുന്നു. അതേസമയം ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.