News

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

By Manya

March 04, 2026

ചെന്നൈ: കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാല പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി മരിച്ചു.

പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു (21) ആണ് മരിച്ചത്. ചെന്നൈയിലെ അംബേദ്കര്‍ ഗവണ്‍മെന്റ് നിയമകോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജിനു.

കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ എത്തിച്ച ശേഷം ജിനുവും സഹപാഠികളായ പ്രിയ (21), ജഗദീപ് (21), ആര്‍ത്തിപ് (21) എന്നിവര്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അണ്ണാ സര്‍വകലാശാലയ്ക്കു സമീപം മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് തിരിഞ്ഞതിനെ തുടര്‍ന്ന് പിന്നാലെ വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അതിലേക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ജിനു വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി (35)ക്കും പരിക്കേറ്റു. പരിക്കേറ്റവരെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. സഹോദരന്‍: ജിബിന്‍.