ന്യൂഡല്‍ഹി: കോഴ വിവാദത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോയ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ അന്വേഷണം നടത്തിയ ഡിസിപി എ.കെ ബസ്സിക്കെതിരെ നടപടി. ഇദ്ദേഹത്തിനെതിരെ മോഷണത്തിന് കേസെടുത്തേക്കുമെന്നാണ് വിവരം.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാറിന്റെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് ബസ്സിക്ക് തിരിച്ചടിയായത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് എ.കെ ബസ്സി നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവെയാണ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സതീഷ് ദഗറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഒക്ടോബര്‍ 20ന് ദേവേന്ദര്‍ കുമാറിന്റെ വീട്ടില്‍ എ.കെ ബസ്സി റെയ്ഡ് നടത്തി എട്ട് മൊബൈല്‍ ഫോണുകളും ഐപാഡും ഒരു ഹാര്‍ഡ് ഡിസ്‌കും കണ്ടു കെട്ടിയിരുന്നു. എന്നാല്‍ രേഖകളില്‍ ഒരു മൊബൈല്‍ ഫോണ്‍ എന്നു മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് സതീഷ് ദഗര്‍ കോടതിയെ അറിയിച്ചു.

ബസ്സി കണ്ടുകെട്ടിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ റെയ്്ഡ് കഴിഞ്ഞ തൊട്ടടുത്ത ദിവസം സിബിഐയുടെ ഫോറന്‍സിക് സെര്‍ച്ച് യൂണിറ്റില്‍ നിന്ന് കണ്ടെത്തിയതായി സതീഷ് പറഞ്ഞു.