kerala

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; അഞ്ചു പേര്‍ക്കെതിരെ കേസ്

By Chandrika Web

August 22, 2022

കൊച്ചി: വൈപ്പിനില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഏരിയാ സെക്രട്ടറി പ്രമില്‍, സുനില്‍ ഹരീന്ദ്രന്‍, സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും പരിക്കേറ്റിരുന്നു.

ഞാറക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐയും നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിക്കായിരുന്നു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ഫലം പുറത്തുവന്നതിനു പിന്നാലെയാണ് സിപിഐ ഓഫീസിനു നേരെ ആക്രമണമുണ്ടായത്.

ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സിപിഐ നേതാക്കളെ ആക്രമിക്കുകയും കസേരകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും ഫഌക്‌സും നശിപ്പിച്ചു.