ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്. താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായാണ് ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. ജീവനക്കാരെ സി.പി.എം നേതാക്കള്‍ തടഞ്ഞതാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്ന് മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് പറഞ്ഞു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.