ശ്വേത മേനോനെതിരായ കേസ് പപ്പറില്‍ പേര് വരാനുള്ള ചീപ്പ് നമ്പറാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണം എന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
പാലേരി മാണിക്യം ഗംഭീര സിനിമയായിരുന്നെന്നും അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കുക്കുവിനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാര്‍ഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി പറഞ്ഞു. കുക്കു ഭരണസമിതി അംഗമല്ലെന്നും ഇത്തരം ഒരു ആരോപണം ഇപ്പോള്‍ ഉന്നയിച്ചതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരാണ് സംഘടന എന്ന തോന്നല്‍ മാറണമെങ്കില്‍ സ്ത്രീകള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥികളായി വന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. അനാശാസ്യ നിരോധന നിയമവും ഐ.ടി നിയമവും അനുസരിച്ചാണ് കേസെടുത്തത്.
പിന്നീട് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്‌റ്റേ ചെയ്തു. കേസെടുക്കാന്‍ നിര്‍ദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.