kerala

ഷാഫി പറമ്പിൽ ഉൾപ്പെടെ 692 പേർക്കെതിരെ കേസ്; പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ

By webdesk14

October 11, 2025

കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം 692 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍.

കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരല്‍, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങള്‍ പുറത്തു വന്നത്.

പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.