kerala

പിഴത്തുക കീശയിലാക്കിയ കേസ്: കരമന സ്‌റ്റേഷനിലെ മുന്‍ റൈറ്റര്‍ ഷിജി വിന്‍സന്റിന് സസ്‌പെന്‍ഷന്‍

By webdesk17

November 15, 2025

നേമം: വാനയാത്രികരില്‍ നിന്ന് ഈടാക്കിയ പിഴത്തുക ട്രഷറിയില്‍ അടയ്ക്കാതെ സ്വന്തം കൈവശം വച്ചുവെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്നാണ് കരമന പൊലീസ് സ്‌റ്റേഷനിലെ മുന്‍ റൈറ്റര്‍ ഷിജി വിന്‍സന്റ് (45) സസ്‌പെന്‍ഷനിലായത്. കാഞ്ഞിരംകുളം സ്വദേശിയായ ഇയാള്‍ക്കെതിരെ നഗര പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മദ്യപാനശീലവും മറ്റു സ്വഭാവദൂഷ്യങ്ങളും കാരണം ഒരുവര്‍ഷം മുമ്പ് ഷിജി വിന്‍സന്റിനെ നന്ദാവനം എ.ആര്‍. ക്യാമ്പിലേക്ക് സ്ഥാനമാറ്റിയിരുന്നു. എന്നാല്‍, അവിടെ ചുമതലയേറ്റെടുക്കുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അദ്ദേഹം മെഡിക്കല്‍ ലീവില്‍ പ്രവേശിക്കുകയും ബന്ധപ്പെടാനാകാത്ത അവസ്ഥയിലാകുകയും ചെയ്തിരുന്നു.ട്രാന്‍സ്ഫര്‍ സമയത്ത് സ്‌റ്റേഷന്റെ ക്യാഷ് ബുക്കും ക്യാഷ് ബാലന്‍സും പുതിയ റൈറ്റര്‍ക്ക് കൈമാറാതിരുന്നതില്‍ സംശയം തോന്നിയതോടെയാണ് അന്വേഷണത്തിന് തുടക്കം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ക്യാഷ് ബുക്ക് കൈമാറാതിരിക്കുകയും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് നിലയിലാകുകയും ചെയ്തതോടെ അന്വേഷണം ശക്തിപ്പെട്ടു. കഴിഞ്ഞ മൂന്നുമാസമായി നടന്ന അന്വേഷണത്തിലാണ് ഷിജി വിന്‍സന്റിന്റെ അനധികൃത പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. പുതിയ സി.ഐ ചുമതലയേറ്റ ശേഷം കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 25,000 രൂപയോളം ട്രഷറിയില്‍ അടയ്ക്കാനുണ്ടെന്ന് കണ്ടെത്തി. ഇതുകൂടാതെ, കഴിഞ്ഞ മൂന്നു വര്‍ഷമായി പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പുറത്ത് വന്നു. സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എസ്.ഐമാര്‍ സ്‌റ്റേഷനില്‍ സ്വീകരിച്ച പിഴത്തുക റൈറ്റര്‍ ഷിജി വിന്‍സന്റ് വാങ്ങുന്നതും പിന്നീട് ഡ്യൂട്ടി അവസാനിക്കുമ്പോള്‍ മേശവലിപ്പില്‍ നിന്ന് പണം എടുത്ത് പോക്കറ്റില്‍ ഇടുന്നതും വ്യക്തമായി കണ്ടെത്തി. ആദ്യ ഘട്ടത്തില്‍ എസ്.ഐമാരെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവര്‍ക്കെതിരെ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞതോടെ സ്ഥലംമാറ്റം ചെയ്തിരുന്ന ഷിജി വിന്‍സന്റിനെതിരെ അന്വേഷണം വ്യാപിപ്പിച്ചു. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നല്‍കിയ നിര്‍ദ്ദേശവും അദ്ദേഹം അവഗണിച്ചു. തുടര്‍ന്ന് കമ്മീഷണര്‍ തോംസണ്‍ ജോസ് ഷിജി വിന്‍സന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും, വിഷയത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുമെന്നും അറിയിച്ചു.