kerala

തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ സിബിഐ കുറ്റപത്രം; 250 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തൽ

By sreenitha

January 24, 2026

ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണ കേസിൽ സിബിഐയുടെ പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. തിരുമല–തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 250 കോടി രൂപയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യ് വാങ്ങിയതായും സിബിഐ കണ്ടെത്തി.

നെല്ലൂർ മുനിസിപ്പൽ കോർപ്പറേഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 36 പ്രതികളാണുള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി. ശ്രദ്ധേയമായി, കേസിലെ ആദ്യ പരാതിക്കാരനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ. മുരളീകൃഷ്ണയെ എസ്‌ഐടി നേരത്തെ പ്രതിചേർത്തിരുന്നു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഭക്തർക്കായി തയ്യാറാക്കുന്ന ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലാണ് കേസ് വലിയ വിവാദമായി മാറാൻ കാരണമായത്.