ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിച്ച കോടികളുടെ വ്യാപം അഴിമതിക്കേസില്‍ 490 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ച രീതിയില്‍ അന്വേഷണത്തിനിടെ കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്നും ഡാറ്റകള്‍ നീക്കം ചെയ്തിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) 2013ല്‍ നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ വല വീശിപ്പിടിക്കാന്‍ സംഘടിതമായ റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ ഇവര്‍ക്കു പകരക്കാരായി മറ്റുള്ളവര്‍ 2008 മുതല്‍ പരീക്ഷ എഴുതിയതായും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപ വാങ്ങി ഇടനിലക്കാര്‍ ഉത്തരക്കടലാസുകള്‍ വ്യാജമായി തയാറാക്കുന്നതായും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രൊഫഷണലുകള്‍ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തിയതായും ഇതിന് അഞ്ചു ലക്ഷം രൂപ വരെ ഈടാക്കിയതായും കുറ്റപത്രത്തിലുണ്ട്. 2013ല്‍ ഇന്‍ഡോറില്‍ 20 പേരെ പിടികൂടിയതോടെയാണ് വ്യാപം അഴിമതിക്കേസ് പുറത്താവുന്നത്.
സംസ്ഥാനം ഭരിക്കുന്ന ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതിയുടെ പേരില്‍ ബി.ജെ.പി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍ തുടങ്ങി 2000 പേരെ അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് വ്യാപം കേസില്‍ സാക്ഷി മൊഴി നല്‍കിയവരെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കേസ് രാജ്യ ശ്രദ്ധയിലേക്കു വരുന്നത്.

മുന്‍ മധ്യപ്രദേശ് ഗവര്‍ണറുടെ മകനടക്കം കേസുമായി ബന്ധപ്പെട്ട 40ലെറെ പേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ചിലരെ പാലങ്ങള്‍ക്ക് താഴെയും റയില്‍വേ ട്രാക്കിലും മരിച്ച നിലയില്‍ കാണപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ നിഗൂഡമായ അസുഖങ്ങള്‍ ബാധിച്ചാണ് മരിച്ചത്. മരണങ്ങള്‍ക്കു പിന്നില്‍ ബി. ജെ. പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

വ്യാപം അഴിമതി റാക്കറ്റിനെ മറക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ചൗഹാനും ബി.ജെ.പിയും ഈ ആരോപണം നിഷേധിച്ചിരുന്നു. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന സന്ദര്‍ഭത്തിലാണ് സി.ബി.ഐ മുഖ്യമന്ത്രിയെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.