കല്‍പറ്റ: ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഗോകുലിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം, പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.
ഒരുമിച്ച് ജീവിക്കുന്നതിനുമായി തീരുമാനിച്ച് ഇറങ്ങിതിരിച്ച രണ്ട് ആദിവാസികുട്ടികളായിരുന്നു ഗോകുലും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും. ഇവര്‍ തിരിച്ച് പോരുന്നതിനായി സഹായ അഭ്യര്‍ഥനയുമായി കോഴിക്കോട് പൊലീസുകാരെ സമീപിച്ചത്. കാണാനില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കല്‍പ്പറ്റ പൊലീസിന് കൈമാറി എന്നുമാണ് പൊലീസ് ഭാഷ്യം. ഈ കുട്ടികള്‍ രണ്ട് പേരും കല്‍പ്പ സ്റ്റേഷന്‍ പരിധിയിലല്ലാതിരുന്നിട്ടും കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ എല്ലാ നിയമങ്ങളേയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വച്ചുവെന്നതിന് ജില്ലാ ഭരണകൂടം മറുപടി പറയണം.
ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമായ പണിയ സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതി, ജുഡീഷ്യറി, പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അജഞത എന്നിവയില്‍ നിന്നാണ് ആദിവാസി യുവാക്കള്‍ വൈവാഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലറകളില്‍ കഴിഞ്ഞുവരുന്നതിന് ഇടയാക്കുന്നത്. നിരവധി ആദിവാസി പെണ്‍കുട്ടികള്‍ കുറ്റ്യാടി, തലശ്ശേരി, മലപ്പുറം കല്യാണങ്ങള്‍ എന്ന് കുപ്രിസിദ്ധമായി അറിയപ്പെടുന്ന കല്യാണങ്ങളിലൂടെ ഗോത്ര ജനവിഭാഗങ്ങളല്ലാത്തവരിലേക്ക് എത്തിപ്പെടുന്നു.
ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ ഗോത്രജനത അഭിമുഖീകരിക്കുമ്പോള്‍ ഇത്തരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര ജനവിഭാഗത്തില്‍പ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതു മുതല്‍ മരണം വരെ പൊലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണവിധേയമാക്കണം. ഗോകുലിന്റെ കൊലപാതകമടക്കമുള്ള മുഴുവന്‍ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു..
സമിതി ചെയര്‍മാന്‍ അമ്മിണി കെ.വയനാട്, വൈ.ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ സി. മണികുട്ടന്‍, ജി. പാലന്‍, വി.കെ. വിനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.