പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ ആശങ്കകളെയും യാത്രാ നിയന്ത്രണങ്ങളെയും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതിനുമുമ്പ് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളും ബോര്‍ഡ് റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് നിര്‍ണായകമായതിനാല്‍ പുതിയ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കുന്നത്.