മസ്കത്ത്: സംഘർഷാവസ്ഥയെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ഇറാനിലെയും പരീക്ഷകളാണ് മാറ്റിവച്ചത്. മാർച്ച് 11 വരെ നടത്താനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളും നേരത്തെ റദ്ദാക്കിയിരുന്നു.
മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചു.