News

വെടിനിര്‍ത്തല്‍ കരാര്‍; രണ്ടാംഘട്ട ബന്ദി മോചനം ഇന്ന്

By webdesk18

January 25, 2025

വെടിനിര്‍ത്തല്‍ കരാര്‍ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ബന്ദി മോചനം ഇന്ന്. വനിതാ ഇസ്രാഈലി സൈനികരായ നാല് ബന്ദികളെ ഹമാസ് കൈമാറും. 180 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും. കരീന അരീവ്, ഡാനില ഗില്‍ബോ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് അന്താരാഷ്ട്ര റെഡ് ക്രോസിന് ഹമാസ് കൈ മാറുക. തുടര്‍ന്ന് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രാഈല്‍ സൈന്യത്തിന് വിട്ടുകൊടുക്കും. തുടര്‍ന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും അടുത്ത ആഴ്ചയിലാകും.

കരാറിന്റെ ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് കൈമാറണം എന്നാണ് വ്യവസ്ഥ. വെടിനിര്‍ത്തലിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടു പോകരുതെന്ന് അവര്‍ നെതന്യാഹു സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ വാഹനത്തിനു നേരെ വ്യോമാക്രമണം നടത്തി രണ്ട് ഫലസ്തീന്‍കാരെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ 5 ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 16 ആയി. ഗസ്സയിലേക്ക് കുടിവെള്ളവും മറ്റു സാമഗ്രികളും കൂടുതലായി എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു.എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ശൈത്യം കാരണം ഗസ്സയില്‍ പിന്നിട്ട ഒരാഴ്ചക്കിടെ 7 കുട്ടികള്‍ മരണപ്പെട്ടതായും യു.എന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തി.