india

ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ സംവിധാനവുമായി കേന്ദ്രം

By webdesk11

October 20, 2023

ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്കായി പുതിയ അംഗീകാര സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ ഹാര്‍ഡ്‌വെയറുകളുടെ വിതരണത്തെ ബാധിക്കാതെ ഇറക്കുമതി നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നവംബര്‍ 1 മുതല്‍ ഈ എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ അംഗീകാര സംവിധാനം പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി കമ്പനികള്‍ ഇറക്കുമതിയുടെ അളവും മൂല്യവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിരീക്ഷണത്തിനായാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഇറക്കുമതി അഭ്യര്‍ത്ഥനകളൊന്നും സര്‍ക്കാര്‍ നിരസിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ അംഗീകാരം ഇറക്കുമതിയുടെ അളവും മൂല്യവും വ്യക്തമാക്കുമെന്നും 2024 സെപ്തംബര്‍ 30 വരെ ഇതിന് സാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഐ.ടി ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ക്ക് ആവശ്യമായ സ്‌പെയറുകള്‍, പാര്‍ട്‌സ്, ഘടകങ്ങള്‍ തുടങ്ങിയവയ്ക്ക് ഇറക്കുമതി നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലാപ്‌ടോപ്, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ലാപ്‌ടോപ്പിന് പുറമേ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, മൈക്രോ കമ്പ്യൂട്ടറുകള്‍, ചില ഡേറ്റ പ്രോസസിംഗ് മെഷീനുകള്‍ എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സ് ഉള്ളവയായിരിക്കണം എന്നാണ് നിര്‍ദേശം. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനാണിതെന്നാണ് വിശദീകരണം. ഉത്തരവ് ആപ്പിള്‍, ലെനോവോ, എച്ച്.പി, അസ്യൂസ്, ഏസര്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയായിരുന്നു.