ന്യൂഡല്‍ഹി: മുസ്‌ലിംകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കാനും കൂട്ട മതപരിവര്‍ത്തനം നടത്താനും ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ 63 ലക്ഷം രൂപ ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 13, 14 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘സനാതന്‍ രാഷ്ട്ര ശംഖനാദ് മഹോത്സവം’ എന്ന പരിപാടിക്കാണ് ഈ തുക അനുവദിച്ചത്. മാധ്യമസ്ഥാപനമായ ‘ദി ക്വിന്റ്’ (The Quint) വിവരാവകാശ നിയമപ്രകാരം (RTI) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
സനാതന്‍ സന്‍സ്ത സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഭരണഘടനാ വിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമായ പ്രസംഗങ്ങള്‍ നടന്നതായാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകളും പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ എന്‍.ആര്‍.സി വഴി പുറത്താക്കണമെന്നും സുദര്‍ശന്‍ ടിവി അവതാരകന്‍ സുരേഷ് ചാവങ്കെ ആഹ്വാനം ചെയ്തതായും കണ്ടെത്തി.
ഓരോ ഹിന്ദുവും ഒരു മുസ്‌ലിമിനെയെങ്കിലും മതം മാറ്റാന്‍ ശ്രമിക്കണമെന്നും ബിസിനസുകാര്‍ തങ്ങളുടെ കീഴിലുള്ള മുസ്‌ലിം ജീവനക്കാരോട് മതം മാറാന്‍ ആവശ്യപ്പെടണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞിരുന്നു.
ഇന്ത്യയെ ഭരണഘടനാപരമായ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ആക്രമണാത്മക തന്ത്രങ്ങള്‍ ആവശ്യമെന്ന് ഹിന്ദു ഫണ്ട് നേതാവ് രാഹുല്‍ ദിവാന്‍ പറഞ്ഞു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ഡല്‍ഹി ടൂറിസം മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പരിപാടി നടന്നത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടന്ന സമ്മേളനത്തിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.