kerala

പരിശോധനയില്‍ ഏറ്റവും പിന്നില്‍; കേരളത്തിലെ കോവിഡില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

By Test User

September 02, 2020

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളുടെ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിദിന കേസുകളിലെ വര്‍ധനാ നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ രണ്ടാം സ്ഥാനത്താണെന്നും കേന്ദ്രം പറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ എടുത്തു കളയാനുള്ള അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍.

കേസുകളുടെ എണ്ണത്തില്‍ മാത്രമല്ല, പരിശോധനയില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പ്രതിദിന കേസുകളില്‍ 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് കേരളമുള്ളത്. 17.80 ശതമാനം ആണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്.

അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 13 മുതല്‍ 19 വരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു പഠനം നടത്തിയത്. ഈ പഠനത്തിലാണ് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.

അണ്‍ലോക്ക് 4 പ്രകാരം സാമൂഹിക, അക്കാദമിക, വിനോദ ഒത്തുചേരലുകള്‍ക്ക് പരമാവധി നൂറു പേര്‍ വരെ പങ്കെടുക്കാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 21 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. സെപ്തംബര്‍ ഒന്നിലെ കണക്കു പ്രകാരം കേരളത്തില്‍ 76525 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.