india

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

By webdesk17

January 07, 2026

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.

ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്.