Connect with us

Article

സി എച്ച് സര്‍ക്കാര്‍ ചരിത്രവും രാഷ്ട്രീയവും

അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്‌സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍ ഐക്യമുന്നണി വിജയിച്ചെങ്കില്‍ 37 സീറ്റില്‍ മാത്രമാണ് മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

1979 ഡിസംബര്‍ ഒന്ന് കേരളത്തിന് മറക്കാന്‍ സാധിക്കാത്ത ദിനമാണ്. ഭരണ പ്രതിസന്ധിയില്‍ ആടിയുലഞ്ഞിരുന്ന സംസ്ഥാനത്തിന് പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ നല്‍കി അധികാരത്തില്‍ വന്ന സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ രാജിവെച്ച ദിവസമാണത്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി 1970 മുതല്‍ രൂപംകൊണ്ട ഐക്യമുന്നണിയുടെ തുടര്‍ച്ചയായി കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് ശേഷമാണ് സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധി സി.എച്ചിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഐക്യമുന്നണിക്കും ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തിനുമുണ്ടായിരുന്നത്. സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐക്യമുന്നണിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ടായിരുന്നു.

1970 ല്‍ അധികാരത്തില്‍ വന്ന സി. അച്യുതമേനോന്‍ മന്ത്രിസഭക്ക് 1975 ല്‍ കാലാവധി കഴിഞ്ഞിട്ടും അടിയന്തരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി കാരണം 1977 വരെ അധികാരത്തില്‍ തുടരേണ്ടി വന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്‌സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍ ഐക്യമുന്നണി വിജയിച്ചെങ്കില്‍ 37 സീറ്റില്‍ മാത്രമാണ് മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും രാജന്‍ കേസിന്റെ പേരില്‍ ഒരു മാസത്തിനകം അദ്ദേഹത്തിന് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എ.കെ ആന്റണി ഒരു വര്‍ഷം അധികാരത്തിലിരുന്നെങ്കിലും 1978ല്‍ ചിക്കമംഗ്ലൂരില്‍ ഇന്ദിരാഗാന്ധിയെ മത്സരിപ്പിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആന്റണിയുടെ രാജിയെ തുടര്‍ന്ന് സി. പി.ഐ നേതാവായ പി.കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി.

ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായി എന്നു പറഞ്ഞപോലെ വളരെ പെട്ടെന്നായിരുന്നു പി.കെ.വിക്ക് കമ്യൂണിസ്റ്റ് ഐക്യം എന്ന ഉള്‍വിളി ഉണ്ടാവുന്നത്. 1965ല്‍ പിളര്‍ന്നുപോയ സി.പി.എമ്മിനെ അടുപ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് 1978 ഏപ്രിലില്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സി. പി.ഐ ദേശീയ സമ്മേളനം മുന്നോട്ടുവെച്ച ‘കമ്യൂണിസ്റ്റ് ഐക്യം’ എന്ന സ്വപ്‌നമാണ് പി.കെ.വിയുടെ രാജിയിലേക്ക് നയിച്ചത്. പി.കെ.വിയുടെ അന്തഃകരണത്തില്‍ ഉദിച്ചുപൊന്തിയ കമ്യൂണിസ്റ്റ് ഐക്യമെന്ന ദിവാസ്വപ്‌നം ഐക്യമുന്നണിയില്‍ നിന്നും പുറത്തുപോകാന്‍ സി.പി.ഐയെ പ്രേരിപ്പിച്ചു. 1979 ഒക്ടോബര്‍ ഏഴിന് പി. കെ.വി മുഖ്യമന്ത്രി പദം രാജിവെച്ചു. ഐക്യമുന്നണിയില്‍നിന്ന് മത്സരിച്ച സി.പി.ഐക്ക് 23 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. സി.പി.എമ്മിന് 17 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഐക്യമുന്നണിയെ ഉപേക്ഷിച്ച് മാര്‍ക്‌സിസ്റ്റ് കൂടാരത്തിലെത്തിയ സി.പി.ഐക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റിലേ വിജയിക്കാനായുള്ളൂ. സി.പി.എം 35 സീറ്റുകള്‍ നേടുകയും ചെയ്തു.

സി.പി.ഐ ഉപ്പുവെച്ച കാലം പോലെയായി. ഇപ്പോള്‍ 16 അംഗങ്ങളാണ് സി.പി.ഐക്ക് ഉള്ളത്. 1977 ല്‍ കേവലം 17 സീറ്റ് മാത്രമുണ്ടായിരുന്ന സി.പി.എമ്മിന് ഇന്ന് കേരള നിയമസഭയില്‍ 62 എം.എല്‍.എമാരുണ്ട് എന്ന കാര്യം വിലയിരുത്തുമ്പോള്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന ആശയം സി.പി.ഐ എന്ന പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്ന് മനസ്സിലാകും.

1970 മുതല്‍ 77 വരെ കേരളം ഭരിച്ച പ്രഗത്ഭമതിയും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രണേതാവുമായിരുന്ന സി. അച്യുതമേനോന്‍ സി.പി.എം ബന്ധം സി.പി.ഐക്ക് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കിയ നേതാവായിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും കൂടെ ഏഴു വര്‍ഷക്കാലം കേരളം ഭരിച്ച സി.പി.ഐക്ക് അന്ന് ആരുടേയും വല്യേട്ടന്‍ ഭീഷണികള്‍ അനുഭവിക്കേണ്ടിവന്നിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ രാജിക്ക് രാഷ്ട്രീയ കാരണങ്ങള്‍ നിരത്താന്‍ പി.#ംകെ.വിയുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ജനങ്ങളോട് പറയാനുള്ള കാരണമായി പി. കെ.വി കണ്ടെത്തിയത് ‘ഇഷ്ടദാനം’ ആയിരുന്നു. അദ്ദേഹം തന്നെ ആവിഷ്‌കരിച്ച ഇഷ്ടദാന ബില്ലിനോട് ഇഷ്ടക്കേട് രാഷ്ട്രീയകാരണമായി അവതരിപ്പിക്കുകയായിരുന്നു.

എന്താണ് ഇഷ്ടദാനം? ജന്മിത്തത്തിന്റെ കരാളഹസ്തങ്ങളില്‍നിന്നും കേരളത്തിന്റെ ഭൂ വിഭവങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം പൊതുവില്‍ അംഗീകരിച്ച ആശയമായിരുന്നു ഭൂ പരിഷ്‌കരണം. ഒരു വ്യക്തിക്ക് പരമാവധി കൈവശം വെക്കാവുന്ന ഭൂമിയുടെ അളവ് കണക്കാക്കുകയും മിച്ചം വരുന്ന ഭൂമി സര്‍ക്കാറിലേക്ക് നല്‍കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ഭൂ പരിഷ്‌കരണത്തിലൂടെ ഉദ്ദേശിക്കപ്പെട്ടത്. അവിഭക്ത സി.പി.എം 1957 ഏപ്രില്‍ 5 നു ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നശേഷം 1958 ല്‍ റവന്യു മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയാണ് ഭൂ പരിഷ്‌കരണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് ഭൂ പരിഷ്‌കരണ നിയമം കൊണ്ടുവരേണ്ടിവരും എന്നതായിരുന്നു സാമൂഹിക സാഹചര്യം. 1958 ല്‍ ഗൗരിയമ്മ ബില്‍ കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കാന്‍ യോഗമുണ്ടായത് മുസ്‌ലിംലീഗിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന 1970 ലെ അച്യുതമേനോന്‍ സര്‍ക്കാറിനായിരുന്നു.

ഒരു വ്യക്തി അയാള്‍ക്ക് അവകാശപ്പെട്ട സ്ഥലം സ്വേച്ഛപ്രകാരം, പ്രതിഫലം കൂടാതെ മറ്റൊരാള്‍ക്ക് എഴുതിക്കൊടുക്കുന്നതിനെയാണ് ഇഷ്ടദാനം എന്ന് പറയുന്നത്. മിച്ചഭൂമി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്ന് ഭയന്ന് മറ്റാരുടെയെങ്കിലും പേരില്‍ എഴുതിക്കൊടുത്ത് രക്ഷപ്പെടാനുള്ള അവസരം ഇഷ്ടദാനം വഴി ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ഭൂ പരിഷ്‌കരണത്തിന്റെ പേരില്‍ ഒരാള്‍ക്കും തന്റെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഭൂമി ദാനം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുന്നത് നീതിക്ക് ചേര്‍ന്നതുമല്ല. അതുകൊണ്ട് തന്നെ ഇഷ്ടദാനത്തിന്റെ അനിവാര്യതയും അതിലെ ചൂഷണവും എല്ലാവര്‍ക്കും നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. 1979 ല്‍ സി.എച്ച് ഉണ്ടാക്കിയ ആശയം എന്ന നിലക്കാണ് പലരും ഇഷ്ടദാനത്തെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ 1958 ല്‍ റവന്യൂ മന്ത്രി കെ.ആര്‍ ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ഭൂ പരിഷ്‌കരണ ബില്ലില്‍ തന്നെ ഇഷ്ടദാനം ഇടം പിടിച്ചിരുന്നു. 1964 ല്‍ പി.ടി ചാക്കോയും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ രണ്ടാമതും അവതരിപ്പിച്ച നിയമത്തിലും ഇഷ്ടദാനം ഉണ്ടായിരുന്നു. 69 ല്‍ ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ ‘സ്‌നേഹവാത്സല്യങ്ങളുടെ’ പേരില്‍ ആര്‍ക്കും ഇഷ്ടദാനം നല്‍കാം എന്ന് പ്രത്യേകം എഴുതിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ തോന്നിയ പോലെ ഇഷ്ടദാനം നല്‍കാമെന്ന അപാകത പരിഹരിക്കുന്നതിനും ഇഷ്ടദാനം ഇല്ലാത്ത കാരണത്താല്‍ നഷ്ടം സംഭവിക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇഷ്ടദാനത്തിന് കൃത്യമായ വ്യവസ്ഥയും ഭേദഗതിയും നിര്‍ണയിച്ചത് 1972 ല്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അവതരിപ്പിച്ച ഭൂ പരിഷ്‌കരണ ഭേദഗതി ബില്ലിലൂടെയായിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും തന്നിമിത്തം 1974 ല്‍ കേരള ഹൈക്കോടതി ഇഷ്ടദാനം മൊത്തത്തില്‍ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
(തുടരും)

Article

ജയിലറകള്‍ക്ക് തകര്‍ക്കനാവാത്ത സമരവീര്യം

രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്.

Published

on

പി. ഇസ്മായില്‍

ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലേക്ക്ജനാധിപത്യ മാര്‍ഗത്തില്‍ സേവ് കേരള മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തതില്‍ പ്രതികാര രാഷ്ട്രീയമാണ് പ്രകടമായത്. സമരക്കാരെ പിരിച്ചു വിടാന്‍ സാധാരണ ഗതിയില്‍ ആദ്യ ഘട്ടം പൊലിസ് ജലപീരങ്കി പ്രയോഗിക്കാറുണ്ട്. അതിനു പകരം ആദ്യം തന്നെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ശ്വാസം മുട്ടിക്കാനാണ് പൊലീസ് തുനിഞ്ഞത്.ലാത്തിചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലുമായി നിരവധി സമര ഭടന്‍മാര്‍ക്കാണ് പരിക്കേറ്റത്.

ഇരുപത്തി എട്ടോളംപ്രവര്‍ത്തകരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തത്.സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് പ്രകോപിതരാവുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നിയമ സഭക്ക് മുന്നിലെ സമരപന്തലില്‍ ഇരിക്കുന്ന സ്ത്രീകളും വഴി യാത്രക്കാരും വരെ പൊലീസിന്റെ കണ്ണീര്‍ വാതകത്തിന് ഇരകളായി തീര്‍ന്നു. സമരത്തില്‍ പങ്കാളികളായ ആയിരങ്ങളെ കണ്ടതോ ടെയാണ് പോലിസ് കലിതുള്ളിയത്. പൊലീസിന്റെ യൂണിഫോമും ബോഡി വോണ്‍ ക്യാമറ വാങ്ങുന്നതിലും വരെ പി.പി.ഇ കിറ്റ് മോഡലില്‍ പര്‍ച്ചേഴ്‌സ് നടത്തി കയ്യിട്ടുവാരുന്നവരെ തുറന്നു കാട്ടിയും സ്ത്രീ പീഡനത്തിലും പോക്‌സോ കേസിലും പ്രതികളായി കാക്കിയുടെ വിശ്വാസം കളഞ്ഞുകുളിച്ച ക്രിമിനലുകളെ പുറത്താ ക്കാനും മുഷ്ടി ചരുട്ടിയവരുടെ മുതു കത്തും മൂക്കിലുമാണ് നിയമപാലകര്‍ പരിക്കേല്പിച്ചത്.

റിമാന്‍ഡിലായപ്രവര്‍ത്തകരുടെ ജാമ്യവുമായി ബന്ധപ്പെട്ടു പൊലീസ് സ്‌റ്റേഷനിലും കോടതിയിലും കയറി ഇറങ്ങുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസിനെ സമരം കഴിഞ്ഞു അഞ്ചാം നാള്‍ അറസ്റ്റു ചെയ്തത്. പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്ന രീതിയുലുള്ള പോരാ ട്ടങ്ങള്‍ക്ക് യൂത്ത് ലീഗിന്റെ തലപ്പത്തിരുന്നു നേതൃത്വം നല്‍കിയതു കൊണ്ടുള്ള വിരോധം ഒന്ന് മാത്രമാണ് ഫിറോസിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം .ടി. പി ചന്ദ്രശേഖരന്‍ കൊലപാതക കേസ്സില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുറന്നു വിടാന്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയുടെ ഭരണത്തിലാണ് ജനങ്ങള്‍ക്കു വേണ്ടി ശബ്ദിച്ച യൂത്ത് ലീഗുകാരെ പൂജപ്പുര ജില്ലാ ജയിലിലടച്ചത്.

വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കും അറസ്റ്റ് വാറണ്ട് കയ്യില്‍ വെച്ചു പൊതുവേദികളില്‍ പ്രത്യക്ഷപെടാനും കൊലപാതക കേസ്സിലെ പ്രതിപട്ടികയില്‍ പേരുള്ള നിയമസഭാ സമാജികന് സഭയില്‍ കയറി പ്രസംഗി ക്കാനും അവസരം ഒരുക്കി കൊടുത്തവരാണ് യൂത്ത്‌ലീഗുകാരെ കള്ളകേസ് ചുമത്തി വേട്ടയാടുന്നത്. പ്രതിഷേധി ക്കുന്നവരെ കയ്യാമം വെച്ചും കല്‍ത്തുറങ്കില്‍ അടച്ചും വര്‍ഗീയ പട്ടം ചാര്‍ത്തിയും നിശബ്ദമാകുന്ന മോഡിയുടെ സമീപനമാണ് ഇപ്പോള്‍ പിണറായിയും നടപ്പിലാക്കുന്നത്.ഫിറോസിനെ അറസ്റ്റു ചെയ്ത് യൂത്ത് ലീഗിന്റെ സമര വീര്യം ചോര്‍ത്തിക്കളയാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാന്നെന്നു വിളിച്ചോതുന്ന പ്രതിഷേധങ്ങളാണ് നാട് നീളെ നടക്കുന്നത്.

രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്. പൊതു വിപണിയിലെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും തടഞ്ഞ് അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പകരം ജനത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാറിനു പോലും താല്പര്യം. പൊതു വിപണിക്ക് സമാനമായ അവസ്ഥയില്‍ സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചതും ഇന്ധന വില കുറക്കുന്നതിലെ താല്പര്യ കുറവ് ഉദാഹരണമാണ്.സാധാ രണക്കാരുടെ ആശ്രയ കേന്ദ്രമായ റേഷന്‍ കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യമാണുള്ളത്.ചോറ്റരിയും ഗോതമ്പും ഇന്ന് റേഷന്‍ കടകളില്‍ കിട്ടാഖനിയാണ്.

ജനങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനോ പുറത്ത് ഇറങ്ങി നടക്കാനോ കഴിയാത്ത വിധം ക്രമസമാധാന രംഗം അത്യാസന്ന നിലയിലാണ്. കാപ്പ നിയമം ചുമത്തി ഗുണ്ടകളെ ജയിലില ടക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിനാല്‍ നഗര പട്ടണ വ്യത്യാസമില്ലാതെ ക്വട്ടേ ഷന്‍ സംഘം പിടിമുറുകിയിരിക്കുകയാണ്.തെരുവ് നായയുടെ കടിയില്‍ നിന്ന് പോലും ജനങ്ങള്‍ക്കു രക്ഷ കൊടുക്കാന്‍ സര്‍ക്കാരിന് സാധ്യമായിട്ടില്ല.ഒറ്റ വര്‍ഷത്തില്‍ മാത്രം ഇരുപത്തി ഒന്ന് പേരാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്.കാട്ടാനയുടെയും കടുവയുടെയും അക്രമത്തില്‍ ആളുകള്‍ മരിക്കുന്നതും പതിവാവുകയാണ്.

സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെന്‍ഷന്‍ മുടങ്ങുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിനു ഒട്ടും കുറവില്ല.നാട്ടു കാരോട് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഉപദേശം നല്‍കിയതിന് ശേഷമാണ്

ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര വാഹനം മുഖ്യമന്ത്രി തരപ്പെടുത്തിയതും അര ക്കോടിയോളം ചിലവഴിച്ചു ക്ലിഫ് ഹൗസില്‍ കാലി തൊഴുത്തു നിര്‍മാണം നടത്തിയതും. വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നവരുടെ കമ്മീഷന്‍ അന്‍പത് രൂപയില്‍ നിന്ന് മുപ്പത് രൂപയാക്കി ചുരുക്കിയ തീരുമാനം പ്രഖ്യാപിച്ച അന്നേ ദിവസം തന്നെയാണ് യുവജന കമ്മീഷന്‍ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം അര ലക്ഷത്തില്‍ നിന്ന് മുന്‍കാല പ്രാബല്യത്തില്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തി ഉത്തരവിറക്കിയതും .അഭ്യസ്ത വിദ്യരുടെ തൊഴില്‍ കവര്‍ന്നെടുത്തുംബന്ധു ജനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതം വെക്കുന്നതില്‍ മനം നൊന്തും ക്വിറ്റ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തി ദിനേന നൂറുകണക്കിന് യുവാക്കള്‍ തൊഴില്‍ തേടി കേരളം വിട്ടുപോവുമ്പോഴും കുംഭ കര്‍ണ്ണനെ പോലെ പിണറായി ഉറക്കത്തിലാണ് .

സക്കറിയയുടെ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലില്‍ ദക്ഷിണ കന്നടയില്‍ ജന്മിയായി വിലസുന്ന പട്ടേലരും കേരളത്തില്‍ നിന്ന് കുടിയേറിയത്തിയ തൊമ്മിയെന്ന തൊഴിലാളിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. പട്ടേലര്‍ അധികാരത്തിന്റെയും തൊമ്മി വിനീത വിധേയത്വത്തിന്റെയും പ്രതീകങ്ങളാണ്. പട്ടേലരുടെ അടിയും ചവിട്ടും ചീത്ത വിളിയും തൊമ്മി വാങ്ങി കൂട്ടുന്നതിനിടയിലും പട്ടേലര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചത് അയാള്‍ക്ക് സഹിക്കാനായില്ല. ”അയാളെ ഞാന്‍കൊല്ലും ‘ തൊമ്മി ആത്മരോഷം കൊണ്ടു. അപ്പോഴേക്കും തൊമ്മിയെ പട്ടേലര്‍ വിളിപ്പിച്ചു.തൊമ്മിയ്ക്കും ഭാര്യ ഓമനക്കും പുതിയ ഉടുപ്പുകള്‍ വാങ്ങി കൊടുത്തു.ഷാപ്പിലെ എടുത്തു കൊടുപ്പുകാരനായി ജോലിയും തരപ്പെടുത്തി.

ഒപ്പം പട്ടേലരുടെ പ്രധാന അടിമയെന്ന പട്ടവും ചാര്‍ത്തി കൊടുത്തു. അതോടെ തൊമ്മിയുടെ ദേഷ്യംഇല്ലാതായി. നിനക്കിപ്പോള്‍ പട്ടേലരുടെ സെന്റിന്റെ മണമാണ്. എനിക്ക് ഇഷ്ടമാണ് ഈ മണമെന്ന് ഭാര്യയോട് പറയുന്ന തരത്തിലേക്കു ള്ള തൊമ്മിയുടെ മനം മാറ്റമാണ് നോവലില്‍ കാണുന്നത്. തൊമ്മി വിധേയനായത് പട്ടേലരുടെ പണത്തിന് മുന്നിലായിരുന്നുവെങ്കില്‍ ഉറപ്പ് എന്ന തുറുപ്പ് ചീട്ട് ഉപയോഗിച്ച് എതിര്‍ക്കുന്നവരെ വരുതിയിലാക്കാനുള്ള ശ്രമമാണ് പിണറായിയും പയറ്റുന്നത് . വഴങ്ങാത്തവരെ അധികാരത്തിന്റെ മുഷ്ടി കൊണ്ടാണ് ഭരണകൂടം നേരിടുന്നത്. ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുന്ന ഭരണാധികാരികള്‍ക്കെതിരെ ഗോള്‍ വലയം കാക്കുന്നതില്‍ നിന്നും വിഭിന്നനായി ഗോള്‍ ലൈന്‍ മറികടന്ന് ഗോളടിച്ചും കിക്കെടുത്തും ശ്രദ്ധേയനായ കൊളംബിയന്‍ മുന്‍ഗോള്‍ കീപ്പര്‍ ഹിഗ്വിറ്റയ പോലെ പോരാളിയായി യൂത്ത്‌ലീഗ് നടത്തുന്ന തുടര്‍സമരങ്ങളിലും പങ്കാളിയാവുമെന്ന ആയിരങ്ങളുടെ ഉറച്ച ശബ്ദമാണ് അന്യായമായ അറസ്റ്റിനെതിരെ എ. സ് പി ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണ്ണയില്‍ മുഴങ്ങിയത് .ഡല്‍ഹിയില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത് പോലെ നിലവിലെ സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കാനുള്ള ആലോചനയാണ് പിണറായിയെങ്കില്‍ അവിടെ നിന്നും സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനാണ് യൂത്ത് ലീഗ് നേതൃത്വം നല്‍കുന്നത്. പോരാട്ടത്തിന് ഇന്ധനമാവും അറസ്റ്റും റിമാന്റും.

Continue Reading

Article

ത്രിപുരയേക്കാള്‍ വലുതാണ് സഖാവെ ഇന്ത്യ

യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക.

Published

on

അഡ്വ. കെ.എ ലത്തീഫ്

2023 ജനുവരി 21ന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന റാലി കൗതുകകരമായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമാണ് ത്രിപുരയില്‍ സംയുക്ത റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പതാകകള്‍ക്ക്പകരം ദേശീയ പതാകയുമായാണ് രബീന്ദ്രഭവന് മുന്നില്‍ റാലി നടത്തിയത്. ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക്ക് സര്‍ക്കാര്‍, മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രജ്ജന്‍ ബര്‍മന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ നാരാണ്‍കര്‍, കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡണ്ട് ബിരാജിക് സിന്‍ഹ, ത്രിപുരയുടെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ എന്നിവരാണ് റാലിക്ക് നേതൃത്വം കൊടുത്തത്.

ഇരുപാര്‍ട്ടികളുടെയും അഖിലേന്ത്യ തലത്തില്‍തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ എന്ത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും റാലി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും അത് നല്‍കുന്ന സന്ദേശവും മതേതര ഭാരതത്തിന്റെ ഭാവി അപകടകരമായിനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പാണ്. ഒരു കാലത്ത് ത്രിപുര സംസ്ഥാനം ഭരിച്ച, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയത്തേയും കായികമായി ഉള്‍പ്പെടെ അടിച്ചൊതുക്കി സ്റ്റാലിനിസ്റ്റ് രീതിയില്‍ ഭരണം നടത്തിയ, സി.പി.എം പാര്‍ട്ടി ഇന്ന് നിലനിലപ്പിന്റെ ജീവവായു തേടുന്ന ഘട്ടത്തിലാണ് പിടിവള്ളിയായി കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തയ്യാറായത്.

ആ തീരുമാനത്തെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രിയ കൂട്ടായ്മ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. രബീന്ദ്രഭവന് മുന്നില്‍ നടന്ന റാലിക്ക്‌ശേഷം ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് ഫിബ്രവരി 16ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് ത്രിപുര. 60 അസംബ്ലി മെമ്പര്‍മാര്‍ മാത്രമുള്ള നിയമസഭ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 42.22 ശതമാനം വോട്ടും 16 എം.എല്‍. എമാരുമുള്ള സി.പി.എം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ഉണ്ടായ ചേതോവികാരം 2021ല്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടേണമെസ് ജില്ല കൗണ്‍സില്‍ തിരെഞ്ഞടുപ്പ് ഫലത്തിലെ ചില സൂചനകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് ഇന്‍ഡീജിയസ് നാഷനിലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര 28 കൗണ്‍സില്‍ സീറ്റുകളില്‍ 18 ഉം പിടിച്ചെടുത്തത്. കൗണ്‍സിലില്‍ ബി.ജെ.പി 9 ലേക്ക് ചുരുങ്ങിയപ്പോള്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മുമ്പ് കൈയ്യില്‍ ഉണ്ടായിരുന്ന 25 സീറ്റ്കളാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

കൂടാതെ കഴിഞ്ഞതവണ ലഭിച്ച 49 ശതമാനം വോട്ട് 12 ശതമാനമായി കുറഞ്ഞു. അതായത് 37 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച. നിയമസഭയിലെ ആകെ 60 സീറ്റില്‍ 20 എണ്ണവും ഈ മേഖലയില്‍ നിന്നാണ്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വരട്ട് തത്വശാസ്ത്രം ഉപേക്ഷിച്ച് ആവശ്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ ത്രിപുരയുടെ മണ്ണില്‍ എന്നന്നേക്കുമായി പാര്‍ട്ടി അവസാനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സി.പി.എം അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യ മതേതര സംഖ്യം എന്ന പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായാണ് സംയുക്ത റാലി നടത്തിയത്. ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും യോഗത്തില്‍ പ്രസംഗിച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഏറെ രസകരം.

ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസുമായി ആശയപരമായ സഖ്യമല്ലെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റാലി എന്നുമായിരുന്നു. കേരളത്തില്‍നിന്നുള്ള തമ്പ്രാക്കന്‍മാരുടെ കണ്ണുരുട്ടലാകാം ഈ വിചിത്ര വാദത്തിന് കാരണം. ഇന്ത്യയിലും കേരളത്തിലും ഇന്നുള്ള ഒരു മുന്നണിയിലേയും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംഖ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സി. പി.എം സെക്രട്ടറി പറഞ്ഞതുപോലെ ജനാധിപത്യവും ഭരണഘടനയും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതിന് അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ മുന്നേറ്റത്തിന് എതിരെയുള്ള വിഷയാധിഷ്ഠിത കൂട്ടായ്മയാണ് മുന്നണികളും സഖ്യങ്ങളും. ആശയപരമായ സഖ്യമാണെങ്കില്‍ പിന്നെ രണ്ട് പാര്‍ട്ടികളായി നിലകൊള്ളണ്ട ആവശ്യമില്ലല്ലോ.

ഒന്ന് മറ്റേതില്‍ ലയിക്കുന്നതോടെ തീരാവുന്ന പ്രശ്‌നമല്ലേഉള്ളൂ. ഇതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി. എം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യത്തെ പാര്‍ട്ടി എന്ത് ഓമനപേരിട്ടാണ് വിളിക്കുക. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ കീഴില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുന്നണിയില്‍നിന്ന് മത്സരിക്കുക. പ്രചാരണ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുക എന്തിന് ഏറെ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികളിലും മറ്റും രാഹുല്‍ ഗാന്ധിയുടെയും ഖാദര്‍ മൊയ്തീന്റെയും ഉള്‍പ്പെടെ ഫോട്ടോ വെച്ച് വോട്ട് തേടുക. അങ്ങനെ വിജയിച്ചു വരുന്നവരെ മാലയിട്ട് സ്വീകരിച്ച് വിജയാരവം മുഴക്കുക. ഇതിന്റെ പേര് എന്താണ് എന്ന് സി.പി.എം വിശദീകരിക്കണം.

പ്രത്യയശാസ്ത്രപരമായ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി സി. പി.എം ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനഗറില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ക്ഷണം നിരസിച്ചതിലൂടെ സി.പി.എം ചെയ്ത്‌രിക്കുന്നത്. ക്ഷണം നിരസിക്കാന്‍ പാര്‍ട്ടി പറഞ്ഞ ന്യായമാണ് പരിഹാസ്യ മാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായി ജോഡോ യാത്ര തുടങ്ങിയതിന് ശേഷം സമാപനത്തില്‍ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരി പറഞ്ഞത്, അല്ലെങ്കില്‍ അദ്ദേഹത്തിന് മുകളിലുള്ള ചില അദൃശ്യ ശക്തികള്‍ പറയിപ്പിച്ചത്.

യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണെന്നും അതിന് വിജയം ആശംസിക്കുന്നതായും സെക്രട്ടറി തുടര്‍ന്ന് പറയുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ ഒരു മനുഷ്യന്‍ നടക്കുന്നു. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വിദ്യാഭ്യാസ-കലാരംഗത്ത അതികായകര്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്ന അനുഭവം.

വെയിലും മഴയും മഞ്ഞും പൊടിയും വകവെക്കാതെ നടക്കുന്ന ആ മനുഷ്യന്‍ കന്യാകുമാരിയില്‍നിന്ന് സ്റ്റാലിന്റെ കൈയ്യില്‍നിന്ന് ഏറ്റ്‌വാങ്ങിയത് ദേശീയ പതാകയായിരുന്നു. അഗര്‍ത്തലയിലെ രബീന്ദ്രഭവന് മുന്നിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും നടത്തിയ സംയുക്ത റാലിയില്‍ പിടിച്ച അതേ ദേശീയ പതാക. യാത്ര ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ചുമാണ്.

ഈ യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സ്റ്റാലിനും നീതിഷും പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉഴുത് മറിച്ച മണ്ണില്‍ അവസാനമായി വിളവെടുക്കാന്‍ നേരത്ത് അരിവാളുമായി സി.പി.എം ഇറങ്ങും എന്നതാണ് മുന്‍ അനുഭവം.

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി അംഗബലം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടും ജനപിന്തുണകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന് കുട്ടികള്‍ക്കു പോലും അറിയാമെന്നിരിക്കെ രാഷ്ട്രീയ ട്രിപ്പീസ് കളിക്കുന്ന സി.പി.എം ചില വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ടവകാശം ഉണ്ടായിരുന്നവര്‍ തൊണ്ണൂറ്റി ഒന്ന് കോടി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് ആണ്. 37.36 ശതമാനം വോട്ട് മാത്രം വാങ്ങിയാണ് ബി.ജെ.പി 303 സീറ്റ് തനിച്ച് കരസ്ഥമാക്കിയത്. സി.പി.എം പാര്‍ട്ടിക്ക് ലഭിച്ചത് 1.75 ശതമാനം വോട്ടുകള്‍ മാത്രം.

71 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് 3 സീറ്റില്‍ മാത്രം. 1980ല്‍ ഏഴാം ലോക്‌സഭയില്‍ 64 സീറ്റില്‍ മത്സരിച്ച് 37 എം.പിമാരുണ്ടായ പാര്‍ട്ടിക്ക് 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയത് അനുഭവത്തില്‍ നിന്ന് പാഠം പടിക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല എന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനസംഖ്യയായ നൂറ്റി നാല്‍പത് കോടിയാണോ വലുത് ത്രിപുരയിലെ ജനസംഖ്യയായ നാല്‍പ്പത്തി ഒന്ന് ലക്ഷമാണോ വലുത് എന്ന് തിരിച്ചറിയാനാവാത്തവിധം അന്തമായ കോണ്‍ഗ്രസ് വിരോധം ചുമലിലേറ്റിയവര്‍ തെറ്റ് തിരുത്തി ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്രിപുരയേക്കാള്‍ വലുതാണ് സഖാക്കളെ ഇന്ത്യ എന്ന് ഉറക്കെ വിളിച്ച് പറയുക. അതല്ലെങ്കില്‍ സി.പി.എം പാര്‍ട്ടിയുടെ ബി.ജെ.പി വാചോടകം തട്ടിപ്പ് മാത്രമാണെന്ന് മതേതര ഇന്ത്യ വിധിയെഴുതും.

 

Continue Reading

Article

വര്‍ഗീയതക്കെതിരായ സി.പി.എം ഒളിച്ചുകളി – എഡിറ്റോറിയല്‍

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല.

Published

on

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.

എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.

മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.

രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

 

Continue Reading

Trending