kerala

സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്

By webdesk13

September 17, 2024

മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കുമെന്ന്​ ജൂറി ചെയർമാൻ ഡോക്ടർ സി.പി ബാവ ഹാജി, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്‍റ്​ കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.