kerala

ചക്കക്കൊമ്പനെ കാറിടിച്ചു; കുട്ടി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്, വാഹനം തകര്‍ക്കാന്‍ ശ്രമിച്ച് ആന

By webdesk13

May 24, 2023

ഇടുക്കി പൂപ്പാറയില്‍വെച്ച് ചക്കക്കൊമ്പന്‍ എന്ന ആനയെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു അപകടം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാര്‍ വന്നിടിക്കുകയായിരുന്നു. പൂപ്പാറിയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു തങ്കരാജും കുടുംബവും.

ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേവാസികള്‍ പറയുന്നു. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകര്‍ക്കാനുള്ള ശ്രമം നടത്തി.

അപകടം നടന്ന മേഖല ആനകള്‍ സ്ഥിരമായി കാണുന്ന ഇടമാണ്. കഴിഞ്ഞ രണ്ടു ദിവസലമായി ചക്കക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റാ എന്ന് വ്യക്തമല്ല. ഇന്ന് ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തും. പരിക്കേറ്റാല്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് പറഞ്ഞു.