ഇന്ത്യഓസ്ട്രേലിയ ടി20 പരമ്പര നാളെ ആരംഭിക്കുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഈ ടി20 പരമ്പര അഭിമാനപരീക്ഷയാണ്. ടി20 ലോകകപ്പിന് വെറും നാല് മാസം മാത്രം ബാക്കിയുള്ളതിനാല്‍, ഈ പരമ്പര ലോകകപ്പ് ടീമിന്റെ രൂപകല്‍പ്പനയ്ക്കും സീറ്റുറപ്പിക്കലിനും നിര്‍ണായകമാകും.
ഓസ്ട്രേലിയയില്‍ ബാറ്റ് ചെയ്യുന്നത് എളുപ്പമല്ല എന്നത് എല്ലാവര്‍ക്കും അറിയാം. പിച്ചിന്റെ വേഗതയും ബൗണ്‍സും ഇന്ത്യയുടെ മധ്യനിരയ്ക്ക് പരീക്ഷണമാകും. അതുകൊണ്ട് തന്നെ ഈ പരമ്പര മലയാളി താരം സഞ്ജു സാംസണിനും അതീവ പ്രധാനപ്പെട്ടതാണ്.
ഏഷ്യാ കപ്പിന് ശേഷം സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്ക് മാറ്റിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. ഈ പരമ്പരയിലും അദ്ദേഹത്തിന് അതേ സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഫിനിഷര്‍ റോളില്‍ മികവ് കാട്ടി മത്സരത്തെ വിജയത്തിലേക്കെത്തിക്കുക എന്നതാണ് സഞ്ജുവിന്റെ പ്രധാന ചുമതല. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധ്യതയുള്ള സഞ്ജുവിന് വിക്കറ്റ് കാത്ത് കളിച്ച് അവസാനം വരെ നിലകൊള്ളാന്‍ കഴിവ് തെളിയിക്കേണ്ടതുണ്ട്.
ഏഷ്യാ കപ്പ് ഫൈനലില്‍ ലഭിച്ച അവസരം അദ്ദേഹം മുതലാക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയം തിലക് വര്‍മ അതേ റോളില്‍ സ്ഥിരതയും സമാധാനവും കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്കെതിരായ ഈ പരമ്പര സഞ്ജുവിന് സ്വയം തെളിയിക്കാനുള്ള അവസരവുമാണ്.
സഞ്ജുവിന്റെ ശക്തി ആക്രണമാണെങ്കിലും, മധ്യനിരയില്‍ കൂടുതല്‍ കണക്കുകൂട്ടലോടെയാണ് കളിക്കേണ്ടത്. ഓപ്പണറായി കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 145 മുതല്‍ 182 വരെ ആയിരുന്നു. എന്നാല്‍ മധ്യനിരയില്‍ അത് ഗണ്യമായി കുറയുന്നുവെന്നതാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്. ഈ വ്യത്യാസം പരിഹരിക്കാനായാല്‍, സഞ്ജുവിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച സാധ്യതയുണ്ട്.