kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ മുന്നറിയിപ്പ്

By webdesk18

January 14, 2026

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16.5 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു. മലയോര മേഖലകളില്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, ശബരിമല മകരജ്യോതി ഉത്സവത്തിന് ഒരുങ്ങുന്നതിനിടെ, ഇന്ന് ശബരിമല പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പമ്പ, നിലയ്ക്കല്‍, സന്നിധാനം മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.