News

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

By vismaya

March 09, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്താം തീയതിയിലും എട്ട് ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം ഇടിമിന്നല്‍ അതീവ അപകടകാരിയായ പ്രകൃതി സംഭവമാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം വരുത്താന്‍ ഇടയാക്കാം.

അതുകൊണ്ട് തന്നെ കാര്‍മേഘം കാണുന്ന സമയം മുതല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എല്ലായ്‌പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ജാഗ്രത പാലിക്കുന്നത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.