News

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ചില മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

By vismaya

March 11, 2026

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, ഹാഇൽ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് അധികൃതർ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇതുമൂലം ദൂരക്കാഴ്ച കുറയാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാമെന്ന് അറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നിർദേശിച്ചു.