ആരെയും ചതിക്കാനും കബളിപ്പിക്കാനും സാധിക്കുന്ന സാമൂഹ്യവിപത്തുകളായിമാറുകയാണ് ഫേസ്ബുക്കിലെ വ്യാജ ഐ.ഡികള്‍. മുഖം പോലുമില്ലാത്തതോ വ്യാജ ഫോട്ടാകള്‍ ഉള്ളതോ ആയ പ്രൊഫൈലുകള്‍ ഉപയോഗിച്ച് തട്ടിപ്പിന്റെയും വഞ്ചനയുടെയും പുതിയ അധ്യായങ്ങളാണ് ഓരോദിവസവും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് പ്രബുദ്ധരും തിരിച്ചറിവുള്ളവരുമാണെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇത്തരം തട്ടിപ്പുകളുടെ ഇരകളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നറിയുമ്പോള്‍ അത്ഭുതമാണ്. തങ്ങള്‍ക്കറിയാവുന്ന സഹജീവികള്‍ക്ക് ഒരു രൂപയുടെ സഹായംപോലും നല്‍കാനുള്ള സഹാനുഭൂതി കാണിക്കാത്തവര്‍ പോലും ഇതുവരെ കാണാത്തതും അറിയാത്തവരുമായ തട്ടിപ്പ്‌സംഘങ്ങളുടെ കെണിയില്‍പെട്ട് ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുത്തുന്നുവെന്നതാണ് വലിയ വിരോധാഭാസം. ഇതുസംബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പൊലീസില്‍ പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും മറഞ്ഞിരിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല.

ഒരിക്കലും തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തിലാണ് വ്യാജന്‍മാര്‍ ഫേസ്ബുക്ക് സംവിധാനത്തിന്റെ സകലസാധ്യതകളും ഉപയോഗിക്കുന്നത്. പിടിക്കപ്പെടാത്തതുകൊണ്ട് ഫേസ്ബുക്കിലൂടെയുള്ള ചതിയും വഞ്ചനയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച എത്ര വാര്‍ത്തകള്‍ വന്നാലും വീണ്ടും വീണ്ടും ചതിയിലകപ്പെടുന്നവര്‍ക്ക് യാതൊരു കുറവുമില്ല. ചിലര്‍ക്ക് നഷ്ടമാകുന്നത് പണമാണെങ്കില്‍ മറ്റുചിലര്‍ക്ക് മാനാഭിമാനങ്ങളാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടേണ്ട അവസ്ഥവരുന്നു.

പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യചെയ്യുന്നവരും ഏറെ. ഫേസ്ബുക്കില്‍ വിനോദത്തിന്‌വേണ്ടി വ്യാജ ഐ.ഡി ഉണ്ടാക്കി രണ്ട് യുവതികള്‍ ചെയ്ത വികൃതികള്‍ അവസാനം നവജാതശിശു ഉള്‍പ്പെടെ മൂന്ന് ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയ സംഭവം പൊതുസമൂഹത്തെ ആകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. കൊല്ലം ചാത്തന്നൂരില്‍ രേഷ്മ എന്ന യുവതി കാമുകനൊപ്പം ജീവിക്കാമെന്ന കണക്കുകൂട്ടലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തുവെന്ന വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഒന്നടങ്കം വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നടത്തിയ തുടരന്വേഷണത്തില്‍ പുറത്തുവന്ന സത്യങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. രണ്ട് യുവതികള്‍ ഫേസ്ബുക്കില്‍ പുരുഷന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി രേഷ്മയുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം ചാറ്റിംഗിലേര്‍പ്പെടുകയുമായിരുന്നു. താനുമായി ചാറ്റിംഗ് നടത്തുന്നത് സുന്ദരനായ ഒരു യുവാവാണെന്ന് തെറ്റിദ്ധരിച്ച രേഷ്മ പ്രണയാതുരയായി മാറിയപ്പോള്‍ ഹരംവന്ന യുവതികളും നവജാത ശിശുവിനെ ഉപേക്ഷിച്ച് കൂടെ വരാന്‍ രേഷ്മക്ക് ചാറ്റിംഗിലൂടെ നിര്‍ദേശം നല്‍കി. കാമുകന്റെ ആവശ്യമാണെന്ന ധാരണയില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.

കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുമെന്ന് യുവതികള്‍ കരുതിയിരുന്നില്ല. രേഷ്മയെ വെറുതെ കബളിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. കുഞ്ഞ് മരിച്ചതോടെ സംഭവം വേറൊരു തലത്തിലെത്തുകയും പൊലീസ് അന്വേഷണം തങ്ങള്‍ക്കെതിരെ നീങ്ങുകയും ചെയ്തതോടെ രണ്ട് യുവതികളും ആറ്റില്‍ ചാടി ജീവനൊടുക്കുകയുമാണുണ്ടായത്. നേരമ്പോക്കിനായി കാണിച്ച തമാശ എത്ര വലിയ ദുരന്തമാണ് ക്ഷണിച്ചുവരുത്തിയതെന്ന് ചിന്തിക്കുക. ഒരു കുഞ്ഞിന്റെ ജീവനും രണ്ട് യുവതികളുടെ ജീവനും നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, കാമുകനെ കിട്ടുമെന്ന പ്രതീക്ഷയില്‍ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട യുവതിയുടെ ജീവിതവും തകര്‍ന്നിരിക്കുകയാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിയ ആ യുവതിക്ക് നിയമനടപടികളും നേരിടേണ്ടിവന്നിരിക്കുന്നു.

വ്യാജ ഫെയ്‌സ്ബുക്ക് ഐഡികളുണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ ലക്ഷ്യം സൗഹൃദത്തെ ദുരുപയോഗംചെയ്യുക എന്നതുതന്നെയാണ്. ഇത്തരം ഐഡികളില്‍ മറഞ്ഞിരിക്കുന്നവരുടെ ഗൂഢതന്ത്രങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഫേസ്ബുക്കിലെ മെസഞ്ചര്‍ ഉപയോഗിച്ച് ചാറ്റിംഗ് നടത്തി പെണ്‍കുട്ടികളെ വശത്താക്കുകയും ഇവരുടെ നഗ്‌നഫോട്ടോകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് കാമുകന്‍ അറിയിക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ വരുത്തുന്നു. വഴങ്ങിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരിക്കും ഭീഷണി. കിട്ടാവുന്നത്ര പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്യും. എന്നെങ്കിലും ഇത്തരക്കാരുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നാല്‍ നഗ്‌നചിത്രങ്ങള്‍ പുറംലോകം കാണുകയുംചെയ്യും. വിവാഹിതരായ യുവതികള്‍വരെ ഫേസ്ബുക്ക് കാമുകന്‍മാരുടെ വലയില്‍പെട്ട് ജീവനും ജീവിതവും ബലികൊടുക്കുകയാണ്. സ്ത്രീകളായി അഭിനയിച്ച് പുരുഷന്‍മാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വേറൊരു കൂട്ടരും ഫേസ്ബുക്കില്‍ സജീവമാണ്.

സുന്ദരിയായ സ്ത്രീയുടെ ചിത്രവും മനോഹരമായ പേരുമുള്ള വ്യാജ പ്രൊഫൈലുകളില്‍നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാന്‍ പുതിയ തലമുറയിലെ യുവാക്കളും മുന്‍തലമുറയിലെ പുരുഷന്‍മാരും ഒരുപോലെ തയ്യാറാകുന്നുണ്ട്. താമസിയാതെ സുന്ദരിയുടെ പ്രൊഫൈലില്‍നിന്ന് മെസഞ്ചറിലേക്ക് അശ്ലീലസന്ദേശങ്ങള്‍ വരും. ലൈംഗികകാര്യങ്ങളില്‍ അതീവ താത്പര്യമുള്ള യുവതിയുടെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് വ്യാജ സുന്ദരിയുമായി സെക്‌സ് ചാറ്റിംഗും നഗ്‌നവീഡിയോ കോളു മൊക്കെ നടത്തുന്നു. കുറച്ചുദിവസം കഴിയുമ്പോള്‍ സുന്ദരിയുടെ സന്ദേശം ഭീഷണി സ്വരത്തിലേക്ക് വഴിമാറും. താന്‍ തരുന്ന അക്കൗണ്ടിലേക്ക് പണം അയച്ചുതരണമെന്നും ഇല്ലെങ്കില്‍ നഗ്‌നവീഡിയോ കോളുകളും ചിത്രങ്ങളും പുറത്തുവിടുമെന്നുമൊക്കെയായിരിക്കും ഭീഷണി. പെട്ടുപോകുന്നത് നല്ല സാമ്പത്തിക സ്ഥിതിയുള്ള ആളാണെങ്കില്‍ സമൂഹത്തിലും കുടുംബത്തിലും തനിക്കുള്ള നിലയും വിലയും നഷ്ടമാകുമെന്ന് ഭയന്ന് ആവശ്യപ്പെടുന്ന പണം തയ്യാറാകും. എന്നാല്‍ നിരന്തരം ബ്ലാക്ക്‌മെയിലിംഗിന് ഇരകളാകുമ്പോള്‍ മാത്രമായിരിക്കും പലരും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുക. നഷ്ടമായ ആയിരങ്ങളും ലക്ഷങ്ങളും തിരികെ ലഭിക്കാന്‍ ഈ പരാതികള്‍ പ്രയോജനപ്പെടാറുമില്ല. മുഖമില്ലാത്തവര്‍ അപ്പോഴും പുതിയ ഇരകളെ ചൂണ്ടയില്‍കോര്‍ത്ത് രസിക്കുന്നുണ്ടാകും.

അടുത്തറിയാവുന്നവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഹൈജാക്ക് ചെയ്ത് അവരുടേതാണെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങള്‍ മെസഞ്ചറില്‍ അയച്ച് തെറ്റിദ്ധരിപ്പിച്ച് പണം സമ്പാദിക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലും കണ്ടുവരുന്നത്. ചികിത്സിക്കാന്‍ പണമില്ലാതെ താന്‍ കടുത്ത ദുരിതത്തിലാണെന്നും പണം നല്‍കി സഹായിക്കണമെന്നും ഗൂഗിള്‍ പേ ചെയ്യണമെന്നുമായിരിക്കും സന്ദേശം. പണം അയക്കേണ്ട നമ്പറും നല്‍കും. ഇതേക്കുറിച്ച് യഥാര്‍ഥ സുഹൃത്തിനോട് വിളിച്ച് അന്വേഷിക്കാതെ ഗൂഗിള്‍ പേ ചെയ്താല്‍ ഇതിലൂടെ അക്കൗണ്ട് ചോര്‍ത്തി സമ്പാദിച്ചുകൂട്ടിയ സകല പണവും അജ്ഞാതന്‍ കൈക്കലാക്കുമെന്നുറപ്പാണ്. ഈ രീതിയില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടമായത്. സായിപ്പുമാരുടെയും മദാമ്മമാരുടെയും ചിത്രങ്ങളും പേരുകളും ഉപയോഗിച്ച് വ്യാജ ഐ.ഡികളുണ്ടാക്കി പണം പിടുങ്ങുന്ന വിരുതന്‍മാരും നമ്മുടെ നാട്ടിലുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന വിശദാംശങ്ങളോടെ വിശ്വാസ്യത വരുത്തുന്ന രീതിയിലായിരിക്കും ഇവരുടെ ഫേസ്ബുക്ക് പേജും ഐ.ഡിയും. ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളും ഡോളറും അയച്ചുതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പിന് സാഹചര്യമുണ്ടാക്കുന്നത്. ഇത് സ്വീകരിക്കാന്‍ തയ്യാറാകുന്നവരുടെ പേരും വിലാസവും ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പേരുകളും ഫോണ്‍നമ്പറും വാങ്ങിയശേഷം സമ്മാനവും പണവും അയച്ചതായി അടുത്ത സന്ദേശം ഫേസ്ബുക്കിലെ മെസഞ്ചറില്‍ വരുന്നു. സമ്മാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനമാര്‍ഗം എത്തിയിട്ടുണ്ടെന്നും എല്ലാംകൂടി പത്തു ലക്ഷത്തിന്റെ മുതലുണ്ടെന്നും ഇതിന് ഒരു ലക്ഷം രൂപയുടെ നികുതി അടക്കണമെന്നും എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സന്ദേശം ഫോണിലേക്ക് വരും. ഒരു ലക്ഷം അടക്കുന്നതിന് അക്കൗണ്ട് നമ്പറും നല്‍കും.

ഒമ്പത് ലക്ഷത്തിന്റെ സമ്മാനത്തിന് ഒരു ലക്ഷം നികുതി അടക്കുന്നതില്‍ എന്താണ് നഷ്ടമെന്ന് ചിന്തിച്ച് തുക വ്യാജ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് അറിയുന്നത് വീട്ടുപടിക്കല്‍ സമ്മാനമെത്തുന്നതും കാത്ത് വലയുമ്പോഴാണ്. പ്രണയവും പണവും ലൈംഗികതയും തട്ടിപ്പിന് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ അതൊക്കെ വിജയകരമായി നടപ്പാക്കാന്‍ കഴിയുന്ന ഗൂഢ സംഘങ്ങളുടെ വലയില്‍ അകപ്പെടാതിരിക്കുക എന്നതുതന്നെ വലിയൊരു സാമൂഹിക ഉത്തരവാദിത്വമായിമാറുകയാണ്. വ്യാജ ഐ.ഡികളില്‍നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക എന്നതുതന്നെയാണ് വഞ്ചിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും ഉത്തമമായമാര്‍ഗം. ഇത്തരം പ്രൊഫൈലുകളില്‍ മതിയായ പരിശോധന നടത്തണം. ഫേസ്ബുക്ക് ഐ.ഡികള്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും നിലവിലുണ്ട്. അക്കാര്യത്തില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാല്‍ തന്നെ സന്ദേശങ്ങളുടെ സ്വഭാവം മനസിലാക്കി ജാഗ്രതയോടെ പ്രതികരിക്കണം. ദുരുപയോഗം ചെയ്യുന്നതിനുള്ള ഒരവസരത്തിനും ഇട നല്‍കരുത്. ഫോട്ടോകളും ഫോണ്‍ നമ്പറുകളും അക്കൗണ്ട് നമ്പറുകളും മെസഞ്ചറില്‍ നല്‍കാതിരിക്കുക. വീഡിയോ കോളുമായും സഹകരിക്കരുത്. ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ ആപത്തുകള്‍വഴിമാറിപ്പോകുക തന്നെ ചെയ്യും.