ഫിര്‍ദൗസ് കായല്‍പ്പുറം

2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പെയ്‌മെന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വലിയ നാണക്കേടിന്‌ശേഷം സമീപകാലത്തൊന്നും സി.പി.ഐക്ക് കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടേണ്ടിവന്നിട്ടില്ല. എന്നാലിപ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി പുറത്തുവരുന്ന വനംകൊള്ളയുടെ ചുരുളഴിയുമ്പോള്‍ സി.പി.ഐക്ക് മുഖം നഷ്ടമാകുന്ന സ്ഥിതിയാണ്. വിവാദത്തില്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് പങ്കുണ്ടോ? അതോ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കോടികളുടെ കൊള്ളയില്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളും ഒത്തുകളിച്ചോ? ഇതെല്ലാം സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

വനം കൊള്ളയുമായി ബന്ധപ്പെട്ട ഓരോ ചോദ്യമുനയും നീളുന്നത് സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലേക്കാണ്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളെന്നും ഇടത് മൂല്യങ്ങളുടെ സംരക്ഷകരെന്നും അവകാശപ്പെടുന്ന സി.പി.ഐയുടെ മന്ത്രിമാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്താണ് വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതും കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുകടത്തുന്നതും. വനഭൂമിയുമായോ പട്ടയ ഭൂമിയുമായോ ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അത് എത്രത്തോളം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരല്ല സി.പി.ഐ മന്ത്രിമാര്‍. അതോ, ആരോപിക്കപ്പെടുന്നതുപോലെ മന്ത്രിമാര്‍ക്കും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടോ? സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം 23ന് വിളിച്ചിട്ടുണ്ട്. ഇതില്‍ മുന്‍ മന്ത്രിമാര്‍ക്ക് വിവാദത്തില്‍ നിലപാട് വ്യക്തമാക്കാം. എന്നാല്‍ നിലവിലെ നിയമത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവ് ‘ദുരുപയോഗം’ ചെയ്‌തെങ്കില്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യത മുന്‍ റവന്യൂമന്ത്രിക്കുണ്ട്. പ്രതിപക്ഷവും ശക്തമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 24ന് സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിലാണ് യു.ഡി.എഫ് ധര്‍ണ നടത്തി പ്രതിഷേധിക്കുന്നത്.
ഉന്നതതല അന്വേഷണം, ക്രൈംബ്രാഞ്ച് അന്വേഷണം, വകുപ്പുതല അന്വേഷണം എന്നിങ്ങനെ മൂന്ന് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ വകുപ്പുതല അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 2020 ഒക്‌ടോബര്‍ 24നാണ് വിവാദമായ ഉത്തരവ് ഇറക്കിയത്. ഇത് കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയതി റദ്ദാക്കുകയും ചെയ്തു. നാലുമാസത്തിനിടെ മരംമുറി വ്യാപകമായി നടന്നു കഴിഞ്ഞിരുന്നു. അന്തര്‍ സംസ്ഥാന മാഫിയകള്‍ക്കുപോലും സംഭവങ്ങളില്‍ പങ്കുള്ളതായാണ് ആരോപണം. ഉത്തരവിനെ ദുരുപയോഗം ചെയ്താണ് മരംമുറി നടന്നതെന്ന് മുഖ്യമന്ത്രിയും സി.പി.ഐ നേതാക്കളും പറയുമ്പോഴും ഉത്തരവിറങ്ങുന്നതിന് മുമ്പുണ്ടായ നടപടിക്രമങ്ങളാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന ആശയത്തില്‍ നിന്നാണ് തുടക്കം. സ്വാഭാവികമായി ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരുമ്പോള്‍ എല്ലാവരുമായി ആലോചിക്കേണ്ടതുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഒന്നല്ല, പത്തുപ്രാവശ്യം. അതില്‍ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു.

പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് ഇറക്കാനായിരുന്നു സര്‍വകക്ഷി യോഗത്തിലെ ധാരണ. എന്നാല്‍ സര്‍വകക്ഷി യോഗത്തിന്‌ശേഷം വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. 2018ലാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പിന്നീട് 2019 ജൂലൈ 19, ആഗസ്ത് മൂന്ന്, ഡിസംബര്‍ അഞ്ച് തിയതികളില്‍ വനംമന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖനും രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ ഉള്‍പെടുത്തി യോഗം ചേര്‍ന്ന് മരംമുറിക്കല്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗങ്ങളിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് വനം കൊള്ളക്കാര്‍ക്ക് ഏത് വിധത്തിലും ഉപയോഗിക്കാവുന്ന പഴുതുകളുണ്ടാക്കി ഉത്തരവ് ഇറങ്ങിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരംമുറിച്ച് മാറ്റാമെന്നാണ് ഉത്തരവിലുള്ളത്. മറ്റ് ഒമ്പതു തരം പട്ടയ ഭൂമികള്‍ വേറെയുമുണ്ട്. ഉത്തരവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മരംമുറി നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍.

മരം മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവിലെ വാചകം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ആ വാചകം എഴുതി ചേര്‍ക്കുന്നതിന്പിന്നില്‍ കോടികളുടെ ഇടപാടു നടന്നിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ഈ ഒരു വാചകമാണ് കോടിക്കണക്കിന് രൂപയുടെ കൊള്ളക്ക് ഇടയാക്കിയത്. ഇതിനു പിന്നില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൈക്കൂലി പണം വാങ്ങിയത് മന്ത്രിതലത്തിലാണോ അതോ ഉദ്യോഗസ്ഥ തലത്തിലാണോ എന്നത് സംബന്ധിച്ച തെളിവുകള്‍ മാത്രമാണ് ഇനി പുറത്തുവരാനുള്ളത്. മാത്രമല്ല, പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാന്‍ അനുമതി നല്‍കുന്ന നിയമ വിരുദ്ധ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത് മന്ത്രിസഭായോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു. നിയമ പ്രശ്‌നമായിരുന്നിട്ടും നിയമ വകുപ്പും ഈ ഉത്തരവ് ഇറങ്ങുന്ന വിവരം അറിഞ്ഞില്ല. വനം, റവന്യൂ വകുപ്പ് മന്ത്രിമാര്‍ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നുമാണ് സി.പി.ഐയില്‍ ഇപ്പോഴുയരുന്ന വികാരം. മന്ത്രിസഭയും നിയമവകുപ്പും അംഗീകരിക്കാത്ത വിഷയത്തില്‍ പിന്നെ എന്ത് അടിസ്ഥാനത്തില്‍, ആരുടെ നിര്‍ദേശം അനുസരിച്ചാണ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ഉദ്യോഗസ്ഥരെമാത്രം പ്രതിക്കൂട്ടിലാക്കി വിവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമം എത്രത്തോളം ഫലവത്താകുമെന്ന ആശയക്കുഴപ്പം സി.പി.ഐയിലുണ്ട്. മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ് ഉത്തരവിന് പിന്നിലുള്ള ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരെമാത്രം പഴിചാരിയാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കുമെതിരെ അവര്‍ പടനീക്കം നടത്തുമോ എന്നതാണ് സി.പി.ഐ നേതൃത്വത്തിന്റെ ആശങ്ക. വിവാദം കൊഴുക്കുമ്പോഴും പ്രതികള്‍ പിടിവള്ളിയാക്കുന്നത് സര്‍ക്കാര്‍ ഉത്തരവ് തന്നെയാണ്. പഴുതുകള്‍ ഏറെയുള്ള ഉത്തരവ് മറയാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ നിയമവഴി തേടുന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരം മുറിച്ചതെന്നും അതിനാല്‍ തെറ്റുകാരല്ലെന്നുമാണ് മുട്ടില്‍ മരം മുറി കേസിലെ പ്രതികളുടെ വാദം. നിയമോപദേശം തേടാതെ ഇറക്കിയ വിവാദ ഉത്തരവിനെതിരെ പരാതി ഉയര്‍ന്നപ്പോഴാണ് നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. അന്നത്തെ നിയമ സെക്രട്ടറി പി.കെ അരവിന്ദ ബാബു ഉത്തരവില്‍ നിയമപരമായ അപാകതയുണ്ടെന്നും റദ്ദാക്കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ പിന്നീട് അനുമതി നല്‍കിയത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ വനം വകുപ്പ് സി.പി.ഐയില്‍ നിന്ന് എടുത്തുമാറ്റിയതിനു പിന്നില്‍ മരംമുറി വിവാദം കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ മന്ത്രിമാരും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായിയുമായും സി.പി.എമ്മുമായും വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. യു.എ.പി.എ, മാവോയിസ്റ്റ് വേട്ട, അതിരപ്പിള്ളി പദ്ധതി എന്നിങ്ങനെയുള്ളവ മുന്നണി നിലപാടിന് വിരുദ്ധമാണെന്ന് തുറന്നടിച്ച് പലയാവര്‍ത്തി പിണറായിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്നുപോലും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍പോലും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് സി.പി. ഐ പറയുന്നത്.

വനം കൊള്ളയുടെ പാപഭാരം തനിച്ച് ചുമക്കാനില്ലെന്ന് കാനം പറയാതെ പറഞ്ഞുകഴിഞ്ഞു. ഉത്തരവിറക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളെയാണ് കാനം ഉയര്‍ത്തിക്കാട്ടുന്നത്. ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണ് ഉത്തരവിറക്കിയതും ഉത്തരവ് പിന്‍വലിച്ചതും എന്നാണ് സി.പി.ഐയുടെ പ്രതിരോധം. നിലവിലെ വനം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ എല്ലാം റവന്യൂവകുപ്പിന്റെ ചുമലില്‍ ചാരാന്‍ ശ്രമിക്കുമ്പോള്‍, സി.പി.ഐ നേതാവ്കൂടിയായ റവന്യൂമന്ത്രി കെ. രാജന്‍ പാര്‍ട്ടിയെയും മുന്‍ഗാമിയെയും സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് കൈക്കൊള്ളുന്നത്. വനം കൊള്ളയുടെ ഉത്തരവാദിത്തം മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരനും കെ. രാജുവിനുമാണെന്ന നിലപാടിലാണ് സി.പി.എം. അതേസമയം ഉത്തരവ് ദുരുപയോഗം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ വനം, റവന്യു നിയമ വകുപ്പുകള്‍ കൂടിയാലോചിച്ച് പുതിയ പ്രപ്പോസല്‍ വേണമെന്ന് കഴിഞ്ഞ റവന്യു മന്ത്രി ഫയലില്‍ എഴുതിയിട്ടുള്ളതാണ് സി.പി.ഐയുടെ പിടിവള്ളി. മാത്രമല്ല, മന്ത്രിമാരെ സംരക്ഷിക്കാന്‍ നിരവധി കാരണങ്ങള്‍ നിരത്തിയ കാനം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറയുന്നു.

മുറിച്ചെടുത്ത മരമെല്ലാം സര്‍ക്കാരിന്റെ കസ്റ്റഡിയിലുണ്ടെന്നും പിന്നെ എവിടെയാണ് കൊള്ള നടന്നതെന്ന് ചോദിച്ച് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമവും കാനം നടത്തുന്നു. ഇത്തരം വാദമുഖങ്ങളുയര്‍ത്തി രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കാന്‍ സി.പി.ഐക്ക് കഴിഞ്ഞേക്കാം. പക്ഷേ, സംസ്ഥാനത്തുടനീളം ചരിത്രത്തിലില്ലാത്തവിധം വനം കൊള്ള നടന്നിട്ടുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. കൊള്ളയുടെ ഉള്ളുകളികള്‍ പൂര്‍ണമായി പുറത്തുവരേണ്ടത് പൊതുസമൂഹത്തിന്റെയാകെ ആവശ്യമാണ്.