ന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍. ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള്‍ക്ക്, ബുദ്ധിമുട്ടായി തോന്നിയാല്‍ നാളെ തന്റെ കൈകളിലെ വസ്ത്രം മാറ്റാനും നോക്കില്ലേ എന്ന് കക്കാര്‍ ചോദിച്ചു. നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ വിമര്‍ശിച്ചു.
നിയന്ത്രണം ഒരിക്കലും ഒരു കഷണം വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നില്ല. സമത്വം എന്നാല്‍ എപ്പോഴും സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്സ് പോസ്റ്റിലൂടെയാണ് പ്രതികരണം. നേരത്തെ, ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിതീഷ് മാപ്പ് പറയണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.
നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡി പ്രതികരിച്ചു. ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിതാ ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്ക്കുന്ന നിതീഷ് കുമാര്‍ അവരുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.