എ.പി. അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂര്‍
രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേര്‍ന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
പേരുകള്‍ മാറ്റിയാല്‍ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാന്‍ കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്‍ തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തി പോരാടിയവര്‍, പേപ്പറിലോ സര്‍ട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങള്‍ അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകള്‍ ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറപ്പെടുമ്പോള്‍, അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ ചരിത്രപാഠങ്ങള്‍ മാറ്റിയെഴുതുകയും സമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത്, രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.
രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ട്.
ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകര്‍ക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവും, പൂര്‍വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
സ്വാതന്ത്ര്യസമരസേനാനികള്‍ ഉയിര് സമര്‍പ്പിച്ചത്, രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തില്‍ നിന്ന് പേരൊഴിവാക്കിയാല്‍ അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്, അത് മായ്ക്കാന്‍ ആരെക്കൊണ്ടും കഴിയില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല, നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാന്‍, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ പുരോഗതിക്കായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ സുതാര്യമായ നയങ്ങള്‍ നടപ്പിലാക്കണം.
ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതില്‍ ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്. ചരിത്രത്തില്‍ ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേള്‍ക്കേണ്ടവരെ കേള്‍ക്കുകയും, ചേര്‍ത്തുപിടിക്കേണ്ടവരെ ചേര്‍ത്തുപിടിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാര്‍ത്ഥ മൂല്യവും തിളക്കവും കൂടുതല്‍ ശക്തമാകൂ. പേരുകള്‍ മാറാം, ഫലകങ്ങള്‍ മാറാം, പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓര്‍മ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.