ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കേസിലെ ഏഴാംപ്രതി ചാര്‍ളി. നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍സുനി തന്നോട് പറഞ്ഞിരുന്നുവെന്ന് ചാര്‍ളി പോലീസിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു. കോയമ്പത്തൂരിലാണ് പള്‍സര്‍സുനി താമസിച്ചത്. നടിയെ ആക്രമിച്ചതിന് ശേഷം മൂന്നാംദിവസം ദിലീപ് നല്‍കിയതാണ് ക്വട്ടേഷനെന്ന് പള്‍സര്‍ പറഞ്ഞു. ഒന്നരക്കോടി രൂപയാണ് ദിലീപ് നല്‍കാമെന്നേറ്റതെന്നും സുനി വ്യക്തമാക്കിയിരുന്നു. നടിയുടെ ദൃശ്യങ്ങളും കണ്ടിരുന്നുവെന്നും ചാര്‍ളി മൊഴിയില്‍ പറയുന്നു. കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും.

അതേസമയം, ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇന്നലെ രാത്രിയാണ് ആലുവ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്നത്. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഗൂഢാലോചനക്കുറ്റം ആരോപിച്ചായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. 85ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ദിലീപ് ജാമ്യത്തിലിറങ്ങുന്നത്. ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാന്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ കാണാനെത്തി.