ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എ.ഐ സേവനങ്ങളുടെ ഉയർന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ സൗജന്യ ഉപയോക്താക്കൾക്കും കുറഞ്ഞ നിരക്കിലുള്ള ‘ചാറ്റ് ജി.പി.ടി ഗോ’ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ ഉപയോഗിക്കുന്നവർക്കുമാണ് പരസ്യങ്ങൾ കാണിക്കുക. അതേസമയം, പ്ലസ്, പ്രോ, എന്റർപ്രൈസ് എന്നീ പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.
ചാറ്റ് ജി.പി.ടിയുടെ മറുപടികളുടെ അവസാന ഭാഗത്ത് ‘സ്പോൺസേഡ്’ എന്ന വ്യക്തമായ അടയാളത്തോടെയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. പരസ്യങ്ങൾ ചാറ്റ് ജി.പി.ടിയുടെ യഥാർത്ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുമായുള്ള സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെയ്ക്കില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി.
ഇൻസ്റ്റാഗ്രാമിലെ പരസ്യ സംവിധാനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ആൾട്ട്മാൻ, ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്വകാര്യതക്കും സുരക്ഷയ്ക്കും പരമാവധി മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ പരസ്യങ്ങൾ അനുവദിക്കുകയുമില്ല. ചാറ്റ് ജി.പി.ടി പോലുള്ള വൻ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വലിയ ചെലവുകൾ കണക്കിലെടുത്താണ് പരസ്യ വരുമാനം പുതിയ മാർഗമായി ഓപ്പൺ എ.ഐ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.