kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം; പ്രതി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ളയാള്‍

By nazmiya nazreen

January 16, 2025

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ അയല്‍വാസി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകന്‍ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നണ് പ്രാഥമികനിഗമനം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന ജിതിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.