ചെന്നൈ: ദിവസങ്ങള്‍ കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നവദമ്പതികള്‍ക്ക് ലഭിച്ച വേറിട്ട സമ്മാനങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധമെന്നോണം പെട്രോളും ഗ്യാസ് സിലിണ്ടറും സവാളയുമാണ് സമ്മാനമായി നവദമ്പതികള്‍ക്ക് അതിഥികള്‍ നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു കന്നാസ് പെട്രോളും ഗ്യാസ് സിലിണ്ടറും സവാള മാലയുമാണ് സമ്മാനമായി വധുവരന്മാര്‍ക്ക് ലഭിച്ചത്. സമ്മാനങ്ങള്‍ സ്വീകരിച്ച ശേഷം അതിഥികളുമൊന്നിച്ച് ചിത്രവും എടുത്തു. ഫോട്ടോയ്ക്ക് നില്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ വധു പാടുപെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന തരത്തില്‍ മുന്നറിയിപ്പുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.