Culture

സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് എം.കെ മുനീര്‍; ഡി.ജി.പിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന് ചെന്നിത്തല

By chandrika

May 05, 2017

തിരുവനന്തപുരം: ഡി.ജി.പിയായി സെന്‍കുമാറിനെ നിയമക്കണമെന്ന് എം.കെ മുനീര്‍. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ച് ഡിജി.പിയായി സെന്‍കുമാറിനെ പോസ്റ്റ് ചെയ്യണം. കര്‍ണ്ണാടകത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കോടതിയലക്ഷ്യ നടപടി നേരിട്ട സാഹചര്യം ഓര്‍ക്കണം. അത്തരത്തിലൊരു വിധി സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ആരൊക്കെ ജയിലില്‍ പോകുമെന്നത് പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും പറഞ്ഞു. കോടതിവിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. കേരളത്തിലെ പോലീസ് മേധാവി ആരാണെന്ന് പറയാതെ കഴിഞ്ഞ പത്തു ദിവസമായി സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോടതിവിധി ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് കെ.പി.സി.സി ഇടക്കാല പ്രസിഡന്റ് എം.എം. ഹസ്സനും പറഞ്ഞു.