ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും ലാവലിന്‍ കമ്പനിയുടെ മസാലബോണ്ട് വില്‍ക്കുന്നതോടെ കേരളം സമ്പൂര്‍ണ കടക്കെണിയിലേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കടുത്ത കടക്കെണിയിലാണ് ഇപ്പോള്‍. അതിനിടെ 2000 കോടിയുടെ മസാലബോണ്ടാണ് വില്‍ക്കുന്നത്. ഇത് കേരളത്തിന് കടുത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നും ലാവലിന്‍ കമ്പനിയെ സഹായിക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോഴും അവരോട് സ്‌നേഹമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയാന്തനന്തരം പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയത്. പുനര്‍നിര്‍മാണത്തിനായി ലഭിച്ച പണം ചെലവിടാതെ ജനങ്ങളില്‍ അധികഭാരം ഉണ്ടാക്കി പ്രളയസെസ് കൊണ്ടു വരികയാണ്. ഇതുവരെ എത്രരൂപ ചെലവിട്ടു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര രൂപ ലഭിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. വെള്ളപ്പൊക്കം കണ്ടറിയാന്‍ നെതര്‍ലാന്‍ഡില്‍ പോയെന്നാണ് പിണറായി പറയുന്നത്. പ്രളയദുരിതം കണ്ടറിയാന്‍ മുഖ്യമന്ത്രി ഒഡീഷയിലേക്ക് പോയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ധനകാര്യമാനേജ്‌മെന്റ് കുത്തഴിഞ്ഞിരിക്കയാണെന്നും ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു. 100 ശതമാനം പദ്ധതിഫണ്ടും ചെലവാക്കുമെന്ന് പറഞ്ഞിട്ട് 55 ശതമാനം മാത്രമാണ് ചെലവിട്ടത്. പദ്ധതിയില്‍ വെട്ടിച്ചുരുത്തല്‍ നടത്തിയിട്ടുംപോലും ഫണ്ട്‌വിനിയോഗം വര്‍ധിപ്പിക്കാനായില്ലെന്നും ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിനെ കുറ്റപ്പെടുത്തി.