kerala

കെ-റെയിലിനെ പരിഹസിച്ച് ചെന്നിത്തല: മഞ്ഞക്കുറ്റികള്‍ ഊരി ജനങ്ങളെ രക്ഷിക്കണം

By sreenitha

January 24, 2026

കോഴിക്കോട്: അതിവേഗ റെയില്‍പാത പദ്ധതിക്കെതിരെയും കെ-റെയിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ-റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”നാട്ടില്‍ മുഴുവന്‍ മഞ്ഞക്കുറ്റികള്‍ ഇട്ടിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക് ഭൂമി വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അവിടെ ക്രയവിക്രയങ്ങള്‍ നിലച്ചിരിക്കുകയാണ്. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം,” ചെന്നിത്തല പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ കാലത്ത് ഒരു റെയില്‍പദ്ധതിയും യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ”ഈ സര്‍ക്കാരിന്റെ കാലത്ത് ഏതായാലും ഒരു റെയിലും വരാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാന്‍ പോകുന്നില്ല,” എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.