kerala

‘ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരുപോലെ’; സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാര്‍ പാതയിലെന്ന് വി.ഡി. സതീശന്‍

By webdesk17

February 18, 2026

പാലക്കാട്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സംഘ്പരിവാറിന്റെ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയിലെ ‘ചേട്ടന്‍ ബാവയും’ തിരുവനന്തപുരത്തെ ‘അനിയന്‍ ബാവയും’ ഒരുപോലെയാണെന്ന് അദ്ദേഹം സതീശന്‍ കുറ്റപ്പെടുത്തി. ‘പുതുയോഗ യാത്ര’യുടെ ഭാഗമായി പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഖജനാവ് ശൂന്യമായിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക ചോര്‍ച്ചയടച്ച് ഖജനാവ് നിറയ്ക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന മന്ത്രിമാര്‍ പോലും സര്‍ക്കാരില്‍ തുടരുന്നത് നാണക്കേടാണെന്നും വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിച്ച് ആദരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടമെന്നും സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരം മന്ത്രിമാരെ പുറത്താക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കുന്നത് കണ്ടാല്‍ അസ്വസ്ഥരാകുന്ന സംഘ്പരിവാര്‍ ശൈലിയാണ് സിപിഎമ്മും പിന്തുടരുന്നത്െന്നും വി ഡി സതീശന്‍ പറഞ്ഞു.

മലപ്പുറത്തെ ജനപ്രതിനിധികളെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ജനവികാരം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്‌നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.