News

ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

By vismaya

February 01, 2026

തൊടുപുഴ: ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 10 മുതല്‍ 21 ദിവസം വരെ സമയം എടുക്കും. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം കഴിഞ്ഞുവരെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ആദ്യം തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ രൂപപ്പെടും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ പൊട്ടുകയോ പൊറ്റയാകുകയോ ചെയ്യാം.

ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും രോഗം പകരാം. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പൂര്‍ണ വിശ്രമം എടുക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.