india

‘താൻ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നു’; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിന്റെ അമ്മ കമൽതായ് ആർ ഗവായ്

By webdesk14

September 30, 2025

മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിൽ താൻ പങ്കെടുക്കുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ‘അമ്മ കമൽതായ് ആർ ഗവായ്. അമരാവതിയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻഭഗവത്‍ അടക്കം പങ്കെടുക്കുന്ന വിജയദശമി ആഘോഷത്തിലേക്കായിരുന്നു കമൽതായ്ക്ക് ക്ഷണം ലഭിച്ചത്.

എന്നാൽ കമലതായ് പുറത്തുവിട്ട കത്തിൽ ക്ഷണം നിരസിച്ച് താൻ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നതായും ആർഎസ്എസ് ക്ഷണിച്ചിരിക്കുന്ന വിജയദശമി പോലൊരു പരിപാടിയിൽ ഒരുകാരണവശാലും പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹിന്ദു മതവിശ്വാസികൾക്ക് വിജയദശമി പ്രധാനമായിരിക്കാം പക്ഷെ തന്നെപോലെയുള്ള ബുദ്ധമതവിശ്വാസികൾക്ക് അതിന് മറ്റൊരു അർത്ഥമാണെന്നും അവർ കത്തിൽ വ്യക്തമാക്കി.

കമൽതായിയുടെ മകനും രാഷ്ട്രീയ നേതാവുമായ ആർഎസ് ഗവായ് അമ്മക്ക് രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് കമൽതായ് എഴുതിയ കത്ത് പുറത്ത് വന്നത്.