india

‘മുഖ്യമന്ത്രി രാജാവല്ല, എന്തും ചെയ്യാന്‍ ഇത് ഫ്യൂഡല്‍ കാലഘട്ടമല്ല’: സുപ്രിംകോടതി

By webdesk13

September 05, 2024

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. മുഖ്യമന്ത്രി രാജാവല്ലെന്നും പറയുന്നതെന്തും ചെയ്യുന്ന പണ്ടത്തെ രാജാക്കന്മാരെ പോലെ സർക്കാർ സംവിധാനത്തിലുള്ള മേധാവികൾ പെരുമാറാൻ പാടില്ലെന്നും സുപ്രിംകോടതി പറഞ്ഞു. മന്ത്രിയാണെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി.

രാജാജി കടുവ സങ്കേതത്തിന്റെ ഡയറക്ടറായി ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രാഹുലിനെ നിമയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സുപ്രിംകോടതിയുടെ വിമർശനം. 2022 ൽ കോർബെറ്റ് കടുവ സങ്കേതത്തിൽ നിന്നും നിയമവിരുദ്ധമായി മരം മുറിച്ചെന്ന കേസിൽ സ്ഥാനത്ത് നിന്നും നീക്കിയ ഉദ്യോഗസ്ഥനെയാണ് വനം മന്ത്രിയുടെ അടക്കം എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി നിയമിച്ചത്. ആഗസ്റ്റ് എട്ടിനാണ് രാഹുലിനെ രാജാജിയുടെ ഡയറക്ടറായി മുഖ്യമന്ത്രി നിയമിച്ചത്.

പിന്നാലെ വനം, വന്യമൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഉത്തരവുകൾ നിരീക്ഷിക്കുകയും ഈ ഉത്തരവുകൾ പാലിക്കാത്ത സംഭവങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്ന കേന്ദ്ര എംപവേർഡ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

പണ്ടുകാലത്ത് രാജാക്കന്മാർ ചെയ്തിരുന്ന പോലെ സർക്കാരിന്റെ ഭാഗമായ മേധാവികൾ ചെയ്യാൻ പാടില്ല. രാജാവ് പറയുന്നതെന്തും നിലനിൽക്കുന്ന ഒരു ഫ്യൂഡൽ കാലഘട്ടത്തിലല്ല നമ്മൾ ജീവിക്കുന്നത്. വകുപ്പ് തലത്തിൽ നടപടി തുടരുന്ന ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേക മമതയെന്നും ബി.ആർ ഗവായ്, പി.കെ മിശ്ര, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.

അതേസമയം നിയമവിരുദ്ധമായി മരം മുറിച്ചെന്ന സംഭവത്തിൽ രാഹുലിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും സിബിഐ, ഇ.ഡി അന്വേഷണം നേരിടുന്നില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആത്മാറാം നദ്കർണി കോടതിയിൽ പറഞ്ഞു.