kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

By webdesk14

November 25, 2024

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.