ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്.
തണ്ണീര്‍മുക്കം സ്വദേശിയായ മനോജ് (55), നാരായണന്‍ നായര്‍ (69), ഗിരീഷ് (24) എന്നിവരെയും പ്ലസ്ടു വിദ്യാര്‍ഥിയെയുമാണ് ചേര്‍ത്തല സി ഐ വി. പി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അമ്മ തൊഴിലുറുപ്പ് ജോലിക്ക് പോകുമ്പോഴാണ് അച്ഛന്‍ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ടിവി കാണുവാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റ് പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം അയച്ചു. കോടതിയില്‍ ഹാജരാക്കിയ മുതിര്‍ന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു.