വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. വെന്നല എന്ന രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മായി നാഗമണിയ്ക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. ഇവരുടെ മകന്‍ ബാബു ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പോഷകാഹാരക്കുറവ് തന്നെയായിരുന്നു ബാബുവിന്റെ മരണകാരണം. കുട്ടി കടുത്ത വിശപ്പ് മൂലം മണ്ണ് വാരിത്തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. മദ്യത്തിന് അടിമകളായ മാതാപിതാക്കല്‍ വീട്ടില്‍ ഭക്ഷണം പോലും പാകം ചെയ്തിരുന്നില്ലെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും അയല്‍ക്കാര്‍ പറയുന്നു.