News

ബിഹാറില്‍ ഡിഗ്രി പരീക്ഷയ്ക്കിടെ പ്രസവം; ബിരുദ വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ കുഞ്ഞിന് ജന്മം നല്‍കി

By webdesk17

December 22, 2025

ബീഹാര്‍: സമസ്തിപൂരില്‍ ഡിഗ്രി പരീക്ഷ നടക്കുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ രവിത കുമാരി (മാല്‍പൂര്‍ സ്വദേശി) ആണ് പരീക്ഷാ കേന്ദ്രത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി ശനിയാഴ്ച ഇക്കണോമിക്‌സ് പരീക്ഷ എഴുതുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വനിതാ ജീവനക്കാരെത്തി യുവതിയെ ഒഴിഞ്ഞ മുറിയിലേക്ക് മാറ്റി. അവിടെ വച്ച് വേദന ശക്തമായതോടെ ആംബുലന്‍സ് വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പേ യുവതി പ്രസവിച്ചു.

ആശുപത്രി അധികൃതരുടെ അറിയിപ്പു പ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.