മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കാന്‍സര്‍ കേസുകള്‍ കുറവാണെങ്കിലും ലോകമെമ്പാടും ഇതിന്റെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണുന്നു. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നത് രക്താര്‍ബുദങ്ങളാണ്. പ്രത്യേകിച്ച് ലുക്കീമിയയും ലിംഫോമയും പ്രധാന സ്ഥാനത്താണ്. ഇതിന് പുറമെ വൃക്കയെ ബാധിക്കുന്ന വില്‍ംസ് ട്യൂമര്‍, അഡ്രിനല്‍ ഗ്രന്ഥി ഉള്‍പ്പെടെ നാഡീബന്ധിത ഭാഗങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ, എല്ലുകളും മസിലുകളും ബാധിക്കുന്ന സാര്‍ക്കോമ എന്നിവയും കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സറുകളാണ്.
രക്താര്‍ബുദങ്ങളില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതുമൂലം വിളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. വിട്ടുമാറാത്ത പനി, പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നതിനാല്‍ മൂക്കില്‍ നിന്ന് രക്തസ്രാവം, തൊലിയില്‍ ബ്ലീഡിംഗ് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളും കാണാം. സാധാരണ ബ്ലഡ് ടെസ്റ്റുകള്‍, ബ്ലഡ് കൗണ്ട്, പെരിഫറല്‍ സ്മിയര്‍ തുടങ്ങിയ ലളിതമായ പരിശോധനകള്‍ വഴി ഇവ കണ്ടെത്താന്‍ കഴിയും. മറ്റ് അവയവങ്ങളിലെ സോളിഡ് ട്യൂമറുകള്‍ സാധാരണയായി ശരീരത്തില്‍ മുഴകളായി പ്രകടമാകുന്നു. വലുതാകുന്ന മുഴകള്‍ വേദനയോ ചുറ്റുപാടുമുള്ള അവയവങ്ങള്‍ക്ക് സമ്മര്‍ദ്ദമോ ഉണ്ടാക്കാം. സ്‌കാനിംഗ് പരിശോധനകള്‍ക്കു ശേഷം ബയോപ്‌സി നടത്തി കാന്‍സര്‍ സ്ഥിരീകരിക്കുന്നു. തുടര്‍ന്ന് സ്റ്റേജിംഗ് പരിശോധനകള്‍ നടത്തി ചികിത്സാ മാര്‍ഗ്ഗം തീരുമാനിക്കും.
കുട്ടികളില്‍ കാന്‍സറിന്റെ പ്രധാന കാരണം ജനിതക മാറ്റങ്ങളാണ്. എന്നാല്‍ ഇത് പാരമ്പര്യമെന്നര്‍ത്ഥമല്ല. 10 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പാരമ്പര്യ ഘടകം കണ്ടെത്തുന്നത്. ബാക്കിയുള്ളവയില്‍ ജനിതക മാറ്റങ്ങള്‍ക്ക് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് യാഥാര്‍ത്ഥ്യം. മുതിര്‍ന്നവരില്‍ പോലെ പുകവലി, മദ്യപാനം, ജീവിതശൈലി തുടങ്ങിയ കാരണങ്ങള്‍ കുട്ടികളില്‍ ബാധകമല്ല. കുടുംബത്തിലെ ഒരു കുട്ടിക്ക് കാന്‍സര്‍ ഉണ്ടെന്ന കാരണംകൊണ്ട് മറ്റൊരു കുട്ടിക്കും നിര്‍ബന്ധമായും ഉണ്ടാകുമെന്നില്ല.
ചികിത്സയില്‍ രക്താര്‍ബുദങ്ങള്‍ക്ക് പ്രധാനമായും കീമോതെറാപ്പിയാണ് ഉപയോഗിക്കുന്നത്. ഇന്‍ജക്ഷനുകളായോ ഗുളികകളായോ മരുന്നുകള്‍ നല്‍കാം. സോളിഡ് ട്യൂമറുകള്‍ക്ക് കീമോതെറാപ്പിക്കൊപ്പം ശസ്ത്രക്രിയയും ചിലപ്പോള്‍ റേഡിയേഷനും ആവശ്യമായി വരാം. വളരെ ചെറുപ്പമുള്ള കുട്ടികളില്‍ റേഡിയേഷന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും, വളര്‍ച്ചയെ ബാധിക്കാതിരിക്കാനാണ് ഇത്.
കുട്ടികളിലെ കാന്‍സറുകളുടെ വലിയൊരു വിഭാഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ് എന്നതാണ് പ്രധാന സന്ദേശം. അതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ പരിശോധന നടത്തുകയും ആവശ്യമായാല്‍ പീഡിയാട്രിക് ഓങ്കോളജിസ്റ്റിനെ സമീപിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കും.
കാന്‍സര്‍ രോഗിയായ അമ്മ മുലയൂട്ടിയാല്‍ കുഞ്ഞിന് കാന്‍സര്‍ പകരുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഒരു തരത്തിലുള്ള കാന്‍സറും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. എന്നാല്‍ അമ്മ കീമോതെറാപ്പി ചികിത്സയില്‍ ആണെങ്കില്‍ ചില മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ മുലയൂട്ടുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറോട് നിര്‍ബന്ധമായും ആശയവിനിമയം നടത്തണം.