കൊച്ചി: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍ തുടക്കമായതിന്റെ പശ്ചാത്തലത്തില്‍ ലാലു അലക്‌സ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കലോത്സവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയുല്‍ പങ്കുവെച്ചിരുന്നു.
‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാര്‍. രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണം. അവര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും ലഭിക്കണം. ശരിയായ, ശക്തമായ ദിശാബോധം കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ പ്രാപ്തരാവണം. സ്‌നേഹംകൊണ്ട് പറയുവാ’ എന്നായിരുന്നു ലാലു അലക്സിന്റെ കുറിപ്പ്.
പുതിയ തലമുറയിലെ കുഞ്ഞുകലാകാരന്മാര്‍ ഒരിക്കലും സമ്മാനം ലക്ഷ്യമാക്കി മത്സരിക്കരുതെന്നും, സ്വന്തം കലയില്‍ വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഉപദേശിച്ചു. ‘ഇനിയുള്ള കലോത്സവ ദിനങ്ങളില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന എന്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ, അതിനേക്കാള്‍ കൂടുതല്‍ സ്വന്തം കലയില്‍ വിശ്വസിക്കുക. നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാന്‍ കഴിയുന്നുവെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ വിജയം’ ലാലു അലക്സ് കുറിച്ചു.
സമ്മാനങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങളിലും കുട്ടികള്‍ തളരരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും താരം വിവരിച്ചു. ചിലര്‍ക്ക് ഒന്നാംസ്ഥാനം ലഭിക്കും, ചിലര്‍ക്ക് രണ്ടാമതും മൂന്നാമതും. ചിലര്‍ക്കാകട്ടെ പേരുപോലും വിളിക്കപ്പെടാതിരിക്കും. ഒരിക്കലും തളരരുത്. വീണ്ടും വീണ്ടും പരിശീലിക്കുക. അടുത്ത കലോത്സവത്തില്‍ ലോകം നിങ്ങളെ ശ്രദ്ധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക. വരാനുള്ള ലോകം നിങ്ങളുടേതാണ്. ഉയര്‍ന്നു പറക്കൂ, സ്വപ്നങ്ങള്‍ക്കും ഭയങ്ങള്‍ക്കും അപ്പുറത്തേക്ക്, ആകാശങ്ങള്‍ക്കുമപ്പുറം’ ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു