ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ അപകടകാരിയായ കോള്‍ഡ്റിഫ് കഫ് സിറപ്പ് കഴിച്ചതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസ്സുകാരനും മരിച്ചു. നാല് മാസമായി കോമയിലായിരുന്നു കുട്ടി. നാഗ്പൂരിലെ എയിംസില്‍ വെച്ചായിരുന്നു മരണം. ടിക്കബാരി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ഷാണ് മരിച്ചത്.
അപകടകാരിയായ ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഹര്‍ഷ് നാഗ്പൂര്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോള്‍ഡ്രിഫ് ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ നിരവധി കുട്ടികള്‍ മരിച്ചിരുന്നു. ജലദോഷവും പനിയും ബാധിച്ച കുട്ടികള്‍ക്കാണ് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള പതിവ് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.
മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനിലയില്‍ ആദ്യം നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. തുടര്‍ന്ന് രോഗം വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കോള്‍ഡ്രിഫ് സിറപ്പ് സാമ്പിളില്‍ മായം കലര്‍ന്നതായി തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി ഒക്ടോബര്‍ 2ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചിരുന്നു.