News

യുഎസിന്റെ ‘തീരുവ കളി’ കാര്യമാക്കുന്നില്ലെന്ന് ചൈന

By nazmiya nazreen

April 17, 2025

യുഎസിന്റെ തീരുവ കളിക്ക് ശ്രദ്ധ കൊടുക്കാനില്ലെന്ന് ചൈന. യുഎസില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245% വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പരിഹാസം.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇനിയും തുടര്‍ന്നേക്കും. അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യുഎസിന്റെ തീരുവ പ്രഖ്യാപനത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപാര സംഘടനയില്‍ ചൈന പരാതി നല്‍കിയിരുന്നു. ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ നടക്കുന്നത് രൂക്ഷമായ വ്യാപാര യുദ്ധമാണ്.