ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ലഡാക്കിലെ നിയന്ത്രണ രേഖക്ക് സമീപമാണ് സൈനികരെ വിന്യസിച്ചിട്ടുള്ളത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങള്‍ക്ക് ചൈന ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോവില്‍ ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം യുഎസില്‍ മടങ്ങിയെത്തിയ ശേഷം ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ ക്വാഡ് ഉച്ചകോടിയാണിത്. ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച ടോക്കിയോയില്‍ നടന്നിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മൈക്ക് പോംപിയോ ചര്‍ച്ച നടത്തിയിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേ തുടര്‍ന്നാണ് പോംപിയോയുടെ പ്രതികരണം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ ക്വാഡ് രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മൈക്ക് പോംപിയോ പറഞ്ഞു.