ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതയ്ക്ക് വഴിവെച്ച് ചൈന. ഷാക്‌സ്ഗാം താഴ്വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമര്‍ശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ല്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്സ്ഗാം താഴ്വരയിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.
ഷാക്‌സ്ഗാം താഴ്വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ല്‍ ഒപ്പുവച്ച ചൈന-പാകിസ്ഥാന്‍ ‘അതിര്‍ത്തി കരാര്‍’ എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.